നേമം: വ്യാജന്മാർ വിപണി കീഴടക്കിയതോടെ കെെത്തറി വ്യവസായത്തിന്റ ഈറ്റില്ലമായ ബാലരാമപുരത്തെയും പെരിങ്ങമ്മല, അവണാകുഴി, നരുവാമൂട്, താന്നിവിള തുടങ്ങിയ സ്ഥലങ്ങളിലെയും കെെത്തറി തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി. ഇൗ പരമ്പരാഗത ചെറുകിട കുടിൽ വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിരവധി സബ്സിഡി പദ്ധതികൾ നടപ്പിലാക്കിയിട്ടും ഇതിന്റെ ഗുണം ലഭിച്ചിട്ടില്ല. തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൃത്രിമമായി നിർമ്മിച്ച കെെത്തറി ഉത്പന്നങ്ങൾ യഥാർത്ഥ കെെത്തറി ഉത്പന്നങ്ങളെന്ന വ്യാജേന കേരളത്തിലെ മാർക്കറ്റുകളിൽ വ്യാപകമായി വിറ്റഴിയുകയാണ്. ഗുണമേന്മ ഏറെ തോന്നിക്കുന്നതും വില വളരെ കുറവായതുമാണ് ഇവയുടെ ആകർഷണീയതയ്ക്ക് കാരണം. എന്നാൽ ഇവയുടെ ആയുസ് വളരെ തുച്ഛമാണ്. സിന്തറ്റിക് ഫെെബർ ഉൾപ്പെടെയുള്ള കൃത്രിമ വസ്തുക്കൾ ചേർന്നുളള ഉത്പന്നങ്ങളാണ് വൻതോതിൽ വിറ്റഴിക്കുന്നത്.ഇത്തരം കെെത്തറി ഉത്പന്നങ്ങൾ വൻകിട യന്ത്രങ്ങളിലൂടെ നിർമ്മിക്കുന്നവയാണ്. ഇവ പെട്ടെന്ന് നശിക്കുന്നതോടൊപ്പം അലർജി, ആസ്മ തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നതായി പറയപ്പെടുന്നു.
കേരളത്തിൽ കെെത്തറി ഉത്പന്നങ്ങൾക്ക് വൻ ഡിമാൻഡ് നിലനിൽക്കുന്ന സാഹചര്യം മുതലെടുക്കുകയാണ് വ്യാജലോബികളുടെ ലക്ഷ്യം. ഇത് ഇവിടത്തെ കെെത്തറി മേഖലയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല കേരളത്തിൽ നിന്നും യഥാർത്ഥ കെെത്തറി വ്യവസായം തുടച്ചുനീക്കാനുളള സാഹചര്യവുമേറുകയാണ്. കേരളത്തിലെ പരമ്പരാഗത കെെത്തറി മേഖലയിൽ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് പേരെയാണ് ഇത് ബാധിക്കുന്നത്. കേരളത്തിലെ ഉപഭോക്താക്കൾക്ക് കെെത്തറിയും വ്യാജനും തിരിച്ചറിയാൻ സംവിധാനങ്ങൾ ഇല്ലെന്നുളളതും വ്യാജലോബികൾ കേരളത്തിൽ ചുവടുറപ്പിക്കാൻ കാരണമായി. കേരളത്തിലെ പുരാതന വ്യവസായങ്ങളിലൊന്നായ കെെത്തറിയുടെ നിലനിൽപ്പിന് വ്യാജനെ തടയിടാൻ നിയമം ഭേദഗതി ചെയ്യണം എന്നാണ് വിദഗ്ധാഭിപ്രായം. പരമ്പരാഗത തൊഴിലാളികളെ ഉൾപ്പെടുത്തി കെെത്തറി സംരക്ഷണ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കെെത്തറി തൊഴിലാളികൾ ആവശ്യപ്പെടുന്നു.
യഥാർത്ഥ കെെത്തറി ഉത്പന്നങ്ങൾ പരുത്തിനൂലിൽ നിർമ്മിച്ചെടുക്കുന്നവയാണ്. വിവിധ വർണങ്ങളിൽ ചാലിച്ചെടുത്ത പരുത്തിനൂലുകൾ റാഡുകളിലും തറികളിലും രൂപകൽപ്പന ചെയ്തെടുക്കുന്നതാണ് കേരളത്തിലെ കെെത്തറി വ്യവസായങ്ങളുടെ അടിസ്ഥാനം. ഇവയ്ക്ക് ഗുണമേന്മയും ആയുസും ഏറെയാണ്. വില കൂടുതലാണെന്നു മാത്രം. കേരളത്തിലെ ചെറുകിട - ഇടത്തരം വ്യവസായങ്ങളിലൊന്നായ കെെത്തറി വസ്ത്രനിർമ്മാണം യന്ത്രത്തിന്റെ സഹായം ഇല്ലാതെ നിർമ്മിക്കുന്നവയാണ്.