ആറ്റിങ്ങൽ: കോടതി ഉത്തരവ് ലംഘിച്ച് ടൂറിസ്റ്റു ബസുകൾക്ക് പെർമിറ്റ് നൽകുന്നതായി പരാതി. ടൂറിസ്റ്റ് ബസുകളിൽ പതിച്ചിരിക്കുന്ന ചിത്രങ്ങളും ശബ്ദ സംവിധാനങ്ങളും എയർ ഹോണും കഴിഞ്ഞ ജനുവരിയിൽ പൂർണമായും മാറ്റണമെന്നും അല്ലാത്തപക്ഷം ആർ.ടി.ഒ നടപടി സ്വീകരിക്കണമെന്നുമാണ് കോടതി ഉത്തരവ്. എന്നാൽ മേയ് പകുതി കഴിഞ്ഞിട്ടും നിരത്തിൽ ഓടുന്ന ടൂറിസ്റ്റു ബസുകൾ കോടതി ഉത്തരവ് പാലിച്ചിട്ടില്ല. ഇതിനെതിരെ ആർ.ടി.ഒ യോ, ട്രാഫിക് പൊലീസോ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.
ഇതിനിടെ കൊല്ലം ആർ.ടി.ഒ കോടതി ഉത്തരവ് ലംഘിച്ച് നിയമം പാലിക്കാതെ ചിത്രങ്ങൾ പതിച്ച ഒരു വാഹനത്തിന് പെർമിറ്റ് നൽകിയെന്നാണ് ചില ബസ് ഉടമകൾ പറയുന്നത്. പിടിപാടുള്ളവർക്ക് നിയമം പാലിക്കേണ്ടെന്നും അല്ലാത്തവർ എല്ലാ നിയമങ്ങളും പാലിച്ചാലും പെർമിറ്റ് നിഷേധിക്കുകയാണെന്നും അവർ കേരളകൗമുദിയോട് പറഞ്ഞു. കോടതി ഉത്തരവിന്റെ കോപ്പിയും പെർമിറ്റ് കോപ്പിയും ബസിന്റെ ഇപ്പോഴത്തെ ചിത്രവും സഹിതം ഉന്നതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇത്തരത്തിൽ പരാതി നൽകിയവർക്കെതിരെ കള്ളക്കേസുകൾ ചമയ്ക്കുകയാണെന്നും പരാതിയുണ്ട്.