തിരുവനന്തപുരം: നന്മയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ സെൻകുമാർ വിജയ വഴിയിലാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിന്റെ 'എന്റെ പൊലീസ് ജീവിതം' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ജോർജ് ഓണക്കൂറിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു സുഗതകുമാരി. 92 മുതൽ വനിതാ കമ്മിഷന്റെ ചെയർപേഴ്‌സണായിരുന്നപ്പോൾ മുതൽ അറിയാവുന്നയാളാണ് സെൻകുമാർ. അന്ന് പ്രമാദമായ പല കേസുകളും കർമ്മബോധത്തോടെ അദ്ദേഹം കൈകാര്യം ചെയ്തു. ധീരനായ പൊലീസ് ഓഫീസറാണ് സെൻകുമാർ, ഏത് എതിർപ്പിനെയും ഏത് പ്രതിരോധത്തെയും മറികടന്ന് ധൈര്യപൂർവം പോരാടുന്നതാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും സുഗതകുമാരി പറഞ്ഞു. സെൻകുമാറിന്റെ ധീരമായ കർമ്മങ്ങളോട് പുലർത്തേണ്ട ഒരു കാവ്യനീതിയുണ്ടായിരുന്നുവെന്നും അദ്ദേഹം ഒരു സാഹചര്യത്തിൽ കേരളത്തിലെ ഗവർണറാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്നും പുസ്തകം പരിചയപ്പെടുത്തിയ ജോർജ് ഓണക്കൂർ പറഞ്ഞു.
പുസ്തകത്തിന്റെ അടുത്ത ഭാഗം പൂർത്തിയായെന്നും അതുകൂടി പുറത്തിറങ്ങുന്നതോടെ എല്ലാ കാര്യങ്ങൾക്കും വ്യക്തത വരുമെന്നും മറുപടി പ്രസംഗത്തിൽ സെൻകുമാർ പറഞ്ഞു. ''എ.എസ്.പി കാലഘട്ടം മുതലേ അന്വേഷണത്തിൽ ട്രെയിനിംഗ് തുടങ്ങിയ ആളാണ് ഞാൻ. അതിനാൽ എല്ലാ കേസുകളുടെയും ഫയലുകൾ എന്റെ കൈവശമുണ്ട്''- സെൻകുമാർ പറഞ്ഞു.
സുഗതകുമാരിയുടെ നന്ദാവനത്തെ വീട്ടിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിമാരായ സി.പി. നായർ, എം.എസ്. വിജയാനന്ദ് എന്നിവരും സംസാരിച്ചു.