തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് സംബന്ധിച്ച ദുരൂഹതകളെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാതെ ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിലെ സെറിമണിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് സർക്കാരിന്റെ അന്താരാഷ്ട്ര അഴിമതിയുടെ ഉദ്ഘാടന ചടങ്ങായി മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് കണക്കാക്കാനാവൂവെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ പ്രസ്താവിച്ചു. മസാല ബോണ്ടുകൾ വാങ്ങുന്നത് ലാവലിനുമായി ബന്ധമുള്ള ഉള്ള സി.ഡി.പി.ക്യൂ എന്ന കമ്പനിയാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമായ തെളിവുകൾ ഹാജരാക്കിയപ്പോൾ മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും അത് സമ്മതിക്കേണ്ടി വന്നു. മസാല ബോണ്ടിനെക്കുറിച്ച് ഉയരുന്ന സംശയങ്ങൾ ദൂരീകരിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. 9.72 ശതമാനമെന്ന കൊള്ളപ്പലിശയാണ് സി.ഡി.പി.ക്യൂവിന് സർക്കാർ നൽകേണ്ടത്. ഇതിന് പിന്നിലെ ദുരൂഹത കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണം.