repolling
repolling

തിരുവനന്തപുരം:കണ്ണൂർ,​ കാസർകോട് പാർലമെന്റ് മണ്ഡലങ്ങളിൽ കള്ളവോട്ട് ചെയ്‌ത നാല് ബൂത്തുകളിൽ റീപോളിംഗിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. മേയ് 19 ഞായറാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയായിരിക്കും വോട്ടെടുപ്പ്.

കാസർകോട്ട് കല്യാശേരി അസംബ്ളി മണ്ഡലത്തിലെ ബൂത്ത് നമ്പർ 19 (പിലാത്തറ), ബൂത്ത് നമ്പർ 69 (പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോർത്ത് ബ്‌​ളോക്ക്), ബൂത്ത് നമ്പർ 70 (ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌​ളോക്ക്) എന്നിവിടങ്ങളിലും

കണ്ണൂരിൽ തളിപ്പറമ്പ് അസംബ്ളി മണ്ഡലത്തിലെ ബൂത്ത് നമ്പർ 166 (പാമ്പുരുത്തി മാപ്പിള എ. യു. പി. എസ്) ലുമാണ് റീപോളിംഗ്.

ഇന്ന് വൈകിട്ട് ആറുമണിവരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. മുഖ്യ തിര‌ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ജില്ലാ കളക്ടർമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.

കള്ളവോട്ട് തെളിഞ്ഞതിനാൽ നാലു ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസർമാരുടെയും ചീഫ് ഇലക്ടറൽ ഓഫീസറുടെയും ജനറൽ ഒബ്‌​സർവറുടെയും റിപ്പോർട്ടുകളും മ​റ്റു തെളിവുകളും വിശകലനം ചെയ്ത്, ജനപ്രാതിനിദ്ധ്യ നിയമം 1951ലെ സെക്‌ഷൻ 58 പ്രകാരമാണ് നടപടി.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ജനറൽ ഒബ്‌​സർവർമാരെയും അറിയിക്കും.

കണ്ണൂരിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി പി. കെ. ശ്രീമതിയുടെയും യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരന്റേയും പോളിംഗ് ഏജന്റുമാരാണ് ചീഫ് ഇലക്ടറൽ ഓഫീസർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയത്. ഗൾഫിലുള്ള ചിലരുടെ പേരിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. ബൂത്തിലെ വീഡിയോ പരിശോധനയിലാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, മൈക്രോ ഒബ്‌​സർവർ എന്നിവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കളക്ടർ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.അതേസമയം കണ്ണൂരിൽ 42 കള്ളവോട്ടുകൾ കൂടി നടന്നെന്ന് ആരോപിച്ച് യു.ഡി.എഫിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് കെ. സുരേന്ദ്രൻ എ.ഡി.എമ്മിന് പരാതി നൽകിയിട്ടുണ്ട്.

കണ്ണൂർ : പാമ്പുരുത്തി - ബൂത്ത് 166

ഒൻപത് മുസ്ലീം ലീഗുകാരാണ് കള്ളവോട്ട് ചെയ്തത്. അബ്ദുൾ സലാം, മർഷദ്, കെ.പി ഉനൈസ് എന്നിവർ രണ്ടു തവണ വീതവും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൾ സലാം, കെ.പി സാദിഖ്, ഷമൽ, മുബഷിർ എന്നിവർ ഓരോ വോട്ടുമായി ​12 കള്ളവോട്ട് ചെയ്തു എന്നാണ് കണ്ടെത്തൽ.

കാസർകോട് - പുതിയങ്ങാടി - ബൂത്ത് 69,​70

മുസ്ലിം ലീഗുകാരായ മുഹമ്മദ് ഫായിസ്,​ അബ്ദുൾ സമദ്,​ കെ.എം മുഹമ്മദ് എന്നിവരാണ് കള്ളവോട്ട് ചെയ്തത്. മുഹമ്മദ് ഫായിസ് ഇരു ബൂത്തുകളിലും ഓരോ വോട്ട് ചെയ്തു. അബ്ദുൾ സമദ് 69 ൽ രണ്ട് തവണയും കെ.എം. മുഹമ്മദ് 69ൽ മൂന്ന് തവണയും വോട്ട് ചെയ്തു.

കാസർകോട് - പിലാത്തറ - ബൂത്ത് 19

സി.പി.എം പഞ്ചായത്ത് അംഗം എം.വി സെലീന, മുൻ അംഗം കെ.പി.സുമയ്യ, പത്മിനി എന്നിവരാണ് കള്ളവോട്ട് ചെയ്തത്.