മുടപുരം: സുരക്ഷാ വേലിയില്ലാതെ മുട്ടപ്പലം എം.എഫ്.എ.സി ജംഗ്ഷന് സമീപം സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ അപകട ഭീതിയുയർത്തുന്നു. അഴൂർ -ശാസ്തവട്ടം റോഡിൽ നിന്ന് കാറ്റാടിമുക്കിൽ പോകാനുള്ള ഇടറോഡ് ആരംഭിക്കുന്ന സ്ഥലത്ത് റോഡിനോട് ചേർന്നാണ് ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ റോഡിൽ നിന്ന് ഉള്ളിലേക്കാണ് ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരുന്നതെങ്കിലും പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചപ്പോൾ റോഡിന് അരികിലായി. സാധാരണ നാട്ടുകാർക്കും കന്നുകാലികൾക്കും മറ്റും അപകടം വരാതിരിക്കാൻ ട്രാൻസ്ഫോർമറിന് ചുറ്റും കമ്പിവേലി സ്ഥാപിക്കാറുണ്ട്. എന്നാൽ ഇവിടെ ഒരു വശത്തുമാത്രമേ കമ്പിവേലിയുള്ളു. ബാക്കി മൂന്ന് വശവും തുറന്നു കിടക്കുകയാണ്. ഇതാണ് അപകടം വരുത്തിവക്കുന്നത്. ഇതുമൂലം പല കന്നുകാലികൾക്കും അപകടം സംഭവിച്ചിട്ടുണ്ട്.
രണ്ട് റോഡ് സന്ധിക്കുന്ന ഇവിടെ റേഷൻ കടയും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ റോഡരികിൽ മത്സ്യവും പച്ചക്കറിയും മറ്റും വില്പന നടത്തുന്ന മാർക്കറ്റും കൂടാറുണ്ട്. സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി നൂറുകണക്കിന് ആളുകൾ എത്തിച്ചേരും. ഇതിന് പുറമെ റേഷൻ വാങ്ങുവാൻ വരുന്ന ആളുകളും അഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പോകുന്ന എൽ.കെ.ജി ക്ലാസ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും ഈ ട്രാൻസ്ഫോർമറിന് മുന്നിലൂടെയാണ് കടന്നു പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ജാഗ്രത കുറവ് ഉണ്ടായാൽ അപകടം പറ്റുവാൻ ഇടയുണ്ട്. ട്രാൻസ്ഫോർമറിന്റെ സ്റ്റേ കമ്പി സ്ഥാപിച്ചിരിക്കുന്നത് റോഡിലാണ്. ഇത് വാഹനങ്ങളെ അപകടത്തിലാക്കുന്നു. ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ ഈ സ്റ്റേ കമ്പികളിൽ തട്ടി അപകടത്തിൽ പെട്ടിട്ടുണ്ട്. അതിനാൽ ട്രാൻസ്ഫോർമറിന് ചുറ്റും സുരക്ഷാ കമ്പി വേലി നിർമ്മിക്കണമെന്നും സ്റ്റേ കമ്പി മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.