kerala-ration-supply-blac
kerala ration supply black market

തിരുവനന്തപുരം:റേഷൻ കരിഞ്ചന്ത തടയാൻ റേഷൻകടകളിലെ ഇ - പോസ് മെഷീനുകളെ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കുന്നതും വാതിൽപ്പടി വിതരണവും ഇനിയും നടപ്പായിട്ടില്ല. ഇവ ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കരിഞ്ചന്തക്കാരും ഉദ്യോഗസ്ഥരും ഗോഡൗൺകാരും ഉൾപ്പെടുന്ന ലോബി തട്ടിപ്പ് തുടരാൻ വേണ്ടി വൈകിപ്പിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.

ഇ - പോസ് മെഷീനുകളെ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കണമെന്ന് എട്ടുമാസം മുമ്പാണ് ഭക്ഷ്യവകുപ്പ് നിർദ്ദേശിച്ചത്. ആദ്യം തിരുവനന്തപുരത്തെ പത്ത് റേഷൻ കടകളിലും തുടർന്ന് എല്ലായിടത്തും ഇത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.

കടകളിൽ ഇപ്പോഴുള്ള ത്രാസുകളെ ഇ - പോസ് മെഷീനുമായി ബന്ധിപ്പിക്കാനാവില്ല. അതിനാൽ ഇ-പോസ് മെഷീനെ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കുന്ന ത്രാസുകൾ വാങ്ങാൻ തീരുമാനിച്ചു. 14,351റേഷൻ കടകളാണുള്ളത്. അത്രയും എണ്ണം ഇ - ത്രാസ് വാങ്ങണം. അതിനായി 6.5 കോടി രൂപയും വകയിരുത്തി. എന്നാൽ ത്രാസുകൾ വാങ്ങാനുള്ള ടെൻഡർ വിളിക്കുക പോലും ചെയ്‌തിട്ടില്ല. ഇ - ത്രാസ് എത്തിയാൽ സാധനങ്ങളുടെ അളവ് ബില്ലിൽ രേഖപ്പെടുത്തും. ഇത് സിവിൽ സപ്ളൈസ് വകുപ്പിന്റെ സെർവറിലും ലഭിക്കും. അപ്പോൾ തട്ടിപ്പ് നടക്കില്ല. അതിനാൽ ത്രാസുകൾ വാങ്ങാനുള്ള നടപടികൾ വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം

നടപ്പാകാത്ത വാതിൽപ്പടി വിതരണം

ഡിപ്പോകളിൽ നിന്ന് റേഷൻ കടകളിലെത്തുന്ന സാധനങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കുന്ന വാതിൽപ്പടി വിതരണം കുറച്ച് കടകളിൽ മാത്രമേ നടപ്പായിട്ടുള്ളൂ. ഭക്ഷ്യസുരക്ഷാ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്നാണിത്. ഗോഡൗണുകളിൽ തട്ടിപ്പ് നടത്താനാണ് ഇത് അട്ടിമറിച്ചത്. സാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാനും ഗോഡൗണുകളിൽ സി.സി ടി വി കാമറ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചെങ്കിലും നടപ്പായില്ല.

കോടതിയെ സമീപിക്കും:വ്യാപാരികൾ

റേഷൻ കടകളിൽ യഥാർത്ഥ തൂക്കത്തിൽ സാധനം എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന ഹൈക്കോടതി വിധി പോലും സർക്കാർ നടപ്പാക്കിയിട്ടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കും. ഗോഡൗണുകളിലെ ത്രാസുകളെയാണ് ആദ്യം ഇ - പോസുമായി ബന്ധിപ്പിക്കേണ്ടത്.

- ടി. മുഹമ്മദ് അലി,ജനറൽ സെക്രട്ടറി,

ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

കണക്ക് ഇങ്ങനെ

ആകെ റേഷൻ കടകൾ 14,351

റേഷൻ കാ‌ർഡുകൾ 81,13,363