ambulance

നേമം: വ്യാഴാഴ്ച രാത്രി 12.5 ഒാടെ വീട്ടിൽ പ്രസവിച്ച യുവതിക്ക് 108 ആംബുലൻസ് തുണയായി. പൂഴികുന്ന് കോലിയക്കോട് ആമീന മൻസിലിൽ ഷമീറിന്റെ ഭാര്യ സുജിന (22) ആണ് അർദ്ധരാത്രിയിൽ വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി 12 മണിയോടടുപ്പിച്ച് സുജിനയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടനേ ബന്ധുക്കൾ 108 ആംബുലൻസിന്റെ സഹായം തേടുകയായിരുന്നു. നേമം താലൂക്ക് ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സുജിനയുടെ വീട്ടിൽ കുതിച്ചെത്തിയെങ്കിലും അതിനു മുൻപ് തന്നെ ഇവർ പ്രസവിച്ചു. വീട്ടിലെത്തിയ ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ രാഖിൽ സുജിനയെയും കുഞ്ഞിനെയും പരിശോധിച്ച് ഇവർക്ക് വേണ്ട പ്രാഥമിക ചികിത്സ നൽകുകയായിരുന്നു. തുടർന്ന് ആംബുലൻസ് പൈലറ്റ് രാജേഷ് ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി കഴിയുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സുജിന-ഷമീർ ദമ്പതികളുടെ രണ്ടാമത്ത കുഞ്ഞാണിത്.