കിളിമാനൂർ: മൂന്നര പതിറ്റാണ്ട് ആതുര ശുശ്രൂഷ രംഗത്ത് നിറസാന്നിധ്യമായിരുന്ന വസന്തകുമാരിയുടെ വിയോഗത്തിൽ വിതുമ്പുകയാണ് നാട്ടുകാർ. കാരേറ്റ് വേടൻ വിളാകത്ത് വീട്ടിൽ വസന്തകുമാരി (59)നാട്ടുകാരുടെ പ്രിയപ്പെട്ട നഴ്സമ്മയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഇവർ ഏത് പാതിരായ്ക്കും അയൽക്കാർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ സഹായം എത്തിക്കുന്നതിൽ മടി കാട്ടിയിരുന്നില്ല. വസന്തകുമാരിയെ നാട്ടുകാർ നഴ്സമ്മ എന്ന ചെല്ലപേരിട്ടാണ് സ്നേഹിച്ചിരുന്നത്.ആരോഗ്യ പ്രവർത്തനങ്ങളിലും സേവന പ്രവർത്തനങ്ങളിലും എന്നും മുമ്പിൽ ആയിരുന്നു വസന്തകുമാരി. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് കൈ കുഞ്ഞായിയിരുന്ന പലരും തങ്ങളുടെ കൈകുഞ്ഞുമായി നഴ്സിംഗ് ഹോമിൽ എത്തുമ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ് മക്കളേ എന്ന് വിളിക്കുവാൻ ഇനി ഈ നഴ്സമ്മ ഇല്ല എന്നോർക്കുമ്പോൾ പലരും വിതുമ്പുകയാണ് കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തോളമായി കാരേറ്റ് ടൗണിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവർത്തിച്ചിരുന്ന വസന്തകുമാരി കഴിഞ്ഞ ദിവസം വാഹനാപകടത്തിൽപ്പെട്ട് അകാലത്തിൽ ജീവൻ പൊലിയുകയായിരുന്നു.കഴിഞ്ഞ ദിവസവും പതിവ് പോലെ കാരേറ്റ് ടൗണിലുള്ള നഴ്സിംഗ് ഹോമിലേക്ക് റോഡരികിലുടെ നടന്നു വരികയായിരുന്ന വസന്തകുമാരിയെ കാർ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വസന്തകുമാരിയുടെ മകൻ അനിൽ രാജ് വിദേശത്താണ് .മകൻ വിദേശത്ത് നിന്ന് എത്തിയ ശേഷം ഇന്ന് രാവിലെ 11 ഓടെ മൃതദേഹം വിട്ടു വളപ്പിൽ സംസ്ക്കാരിക്കും. ഭർത്താവ്: നടരാജൻ ആചാരി, മരുമകൾ: ആതിര.