പാങ്ങോട്: വോൾട്ടേജ് ക്ഷാമം രൂക്ഷമായതോടെ ദുരിതത്തിലായിരിക്കുകയാണ് ഭരതന്നൂർ ഓവർസിയർ ഓഫിസിന്റെ പരിധിയിൽ വരുന്ന ഗാർഡർ സ്റ്റേഷൻ- കൊച്ചാനക്കല്ലുവിള മേഖലയിലെ വൈദ്യുത ഉപഭോക്താക്കൾ. കെ.എസ്.ഇ.ബി കല്ലറ സെക്ഷന്റെ കീഴിലാണ് ഓവർസിയർ ഓഫീസ് പ്രവർത്തിക്കുന്നത്. ചൂട് കനക്കുംതോറും വോൾട്ടേജ് ക്ഷാമവും കൂടി വരുകയാണിവിടെ.
ചൂടുകൂടിയതോടെ വോൾട്ടേജ് ക്ഷാമം ഉപഭോക്താക്കളെ തെല്ലൊന്നുമല്ല ദുരിതത്തിലാക്കുന്നത്. വിദ്യാർഥികളുടെ പഠനം പോലും ബുദ്ധിമുട്ടിലായി. വൈദ്യുത ഉപഭോക്താക്കളിൽ ഭൂരിഭാഗവും പഴയകാല ബൾബുകൾക്കു പകരം സി.എഫ്.എൽ ഉൾപ്പെടെയുള്ള ബൾബുകളാണ് ഉപയോഗിക്കുന്നത്. ഫാനുകൾ ആവശ്യമായ വേഗതയിൽ കറങ്ങാതെ വരുന്നതോടെ വെന്തുരുകുന്ന അവസ്ഥയും നിലവിലുണ്ട്. വോൾട്ടേജ് ക്ഷാമം രൂക്ഷമാകുന്നതുമൂലം ഇലക്‌ട്രിക്, ഇലക്‌ട്രോണിക് ഉപകരണങ്ങൾ തകരാറിലാകുന്നത് വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നു. കഴിഞ്ഞ ആറ് മാസക്കാലമായി സ്ഥിതി തുടരുകയാണ്. നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല. വോൾട്ടേജ് കുറവായതിനാൽ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളമെടുക്കുന്നതിനോ ഫാൻ, ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനോ കഴിയുന്നില്ല.
ആഴ്ചയിലും, മാസത്തിലും സെക്ഷൻ പരിധിയിൽ മറ്റും മെയിന്റനൻസ് ജോലിയെന്ന പേരിൽ രാവിലെ മുതൽ വൈകിട്ട് വരെ വൈദ്യുതി വിതരണം നിറുത്തിവച്ച് ജോലികൾ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും യഥാവിധി വോൾട്ടേജ് പ്രസരണം ചെയ്യാൻ ഉപകരിക്കുന്നില്ല. പല ഉപഭോക്താക്കളും കൃത്യമായ വോൾട്ടേജ് ലഭിക്കാൻ സ്റ്റെപ്പ് - അപ് ഉൾപ്പെടെ ഉപയോഗിക്കുമ്പോൾ ഇത്തരം ഉപകരണങ്ങൾ ഇല്ലാത്ത ഭൂരിഭാഗം ഉപഭോക്താക്കളും വെട്ടിലാവുകയും ചെയ്യുന്നു.