photo

നെടുമങ്ങാട്: മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്തു കൊന്ന ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കരകുളം മുല്ലശ്ശേരി മാടപ്പാട് ആനൂർ വീട്ടിൽ സ്‌മിതയെയാണ് (38) ഭർത്താവ് സജീവ്കുമാർ (49) കൊലപ്പെടുത്തിയത്. ബുധനാഴ്‌ച രാത്രി 11നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നെടുമങ്ങാട്ടെ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ സ്‌മിത ജോലി കഴിഞ്ഞ് രാത്രി എട്ടിന് വീട്ടിലെത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന സജീവ്കുമാർ മർദ്ദിച്ചു. ഇതേത്തുടർന്ന് സ്‌മിത അയൽ വീട്ടിൽ അഭയം തേടി. രാത്രി പതിനൊന്നോടെ സ്‌മിത വീട്ടിൽ തിരിച്ച് വന്നപ്പോഴാണ് ക്ഷുഭിതനായ സജീവ്കുമാർ കത്തിക്ക് കുത്തിയത്. കുത്തേറ്റ സ്മിത വീടിന് പുറത്തേക്ക് ഓടിയെങ്കിലും സജീവ് കുമാർ പിന്നിൽ നിന്ന് കുത്തി വീഴ്‌ത്തുകയായിരുന്നു. തുടർന്ന് വലിച്ചിഴച്ച് വഴിയിലിട്ട ശേഷം കഴുത്തറുക്കുകയായിരുന്നു. ഇവിടെ ബഹളം പതിവായിരുന്നതിനാൽ നാട്ടുകാർ കാര്യമാക്കിയില്ല. സ്മിതയുടെ കഴുത്തിൽ 14 സെന്റിമീറ്റർ ആഴത്തിൽ വെട്ടേറ്റു. തലച്ചോറിലേക്കുള്ള ഞരമ്പുകൾ അറ്റു. മരണം ഉറപ്പാക്കും വരെ സമീപത്ത് നിന്ന സജീവ് സാരി കൊണ്ട് മൃതദേഹം മൂടിയ ശേഷമാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

സംഭവം നടക്കുമ്പോൾ സജീവ്കുമാറിന്റെ മകളും അമ്മയും തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. കാർപെൻഡറായ സജീവ് സ്ഥിരം മദ്യപാനിയാണെന്നും വീട്ടിൽ വഴക്കിട്ട് സ്‌മിതയെ ഉപദ്രവിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. പാർവതി (പത്താംക്ലാസ്), ഭദ്ര (ഒമ്പതാം ക്ളാസ്) എന്നിവർ മക്കളാണ്. പൊലീസും ഫോറൻസിക് വിദഗ്‌ദ്ധരും സ്ഥലത്ത് തെളിവെടുപ്പ് നടത്തി.

റൂറൽ ജില്ലാ പൊലീസ് മേധാവി അശോക് കുമാർ, നെടുമങ്ങാട് ഡിവൈ.എസ്.പി ബി. വിനോദ്, സി.ഐ കെ. അനിൽകുമാർ, എസ്.ഐ എസ്. ഷുക്കൂർ എന്നിവർ നേതൃത്വം നൽകി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വയനാട്ടിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ സ്‌മിതയുടെ അച്ഛൻ മാധവൻ നായർ ഇന്ന് നാട്ടിലെത്തിയശേഷം ഉച്ചയോടെ കുടുംബ വീട്ടിൽ സംസ്‌കരിക്കും.