vilappilsala

മലയിൻകീഴ്: ഭർത്താവിന്റെ കത്തിയിൽ ജീവൻ നഷ്ടപ്പെട്ട സ്‌മിതയുടെ വിളപ്പിൽശാല ചേലക്കാട്ടെ വീട്ടിൽ അമ്മ ഇന്ദിരാദേവിയുടെ അലമുറയിട്ട കരച്ചിലും തേങ്ങലും മാത്രം. സ്‌മിതയുടെ വേർപാട് കുടുംബത്തിന് ഇതുവരെ ഉൾക്കൊള്ളാനായില്ല. വിളപ്പിൽശാല ഇന്ദിരാഭവൻ ചേലക്കാട് വീട്ടിൽ മനോഹരൻനായരുടെയും ഇന്ദിരാദേവിയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് സ്‌മിത. 16 വർഷം മുമ്പ് കരകുളം സ്വദേശി സജീവ് കുമാറിനെ പ്രണയിച്ചാണ് സ്‌മിത വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിപ്പോയത്. മനോഹരൻനായർ ആകെയുള്ള 10 സെന്റ് പണയപ്പെടുത്തി ബാങ്കിൽ നിന്ന് ഒന്നര ലക്ഷം വായ്‌പയെടുത്ത് മകൾക്ക് നൽകിയിരുന്നു. എന്നിട്ടും സ്ത്രീധന ആവശ്യവുമായി സജീവ്കുമാർ നിരന്തരം വഴക്കിടുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. മദ്യപാനിയായ സജീവിന്റെ ഉപദ്രവം പതിവായിരുന്നു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ സജീവിനെതിരെ പരാതിയുമായി സ്‌മിത പലതവണ ചെന്നിട്ടുണ്ട്. ഇന്ന് രാവിലെ 11ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സ്‌മിതയുടെ മൃതദേഹം വിളപ്പിൽശാലയിലെ വീട്ടിലെത്തിക്കും. വയനാട്ടിലെ സ്വകാര്യ എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളിയായ മനോഹരൻനായർ മകളുടെ മരണമറിഞ്ഞ് ഇന്നലെ രാത്രി വീട്ടിലെത്തി. സംസ്‌കാരം ഇന്ന് നടക്കും. പത്ത്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പാർവതി, ഭദ്ര എന്നിവരാണ് സ്‌മിതയുടെ മക്കൾ.