vvpat

തിരുവനന്തപുരം: കള്ളവോട്ട് കേസ് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ട് അന്വേഷിച്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ റീപോളിംഗ് നടത്തുന്നത് കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യത്തെ സംഭവം. വോട്ടെടുപ്പിലെ പരാതികളുടെ പേരിലും ചില അക്രമസംഭവങ്ങളുടെ പേരിലുമൊക്കെ മുമ്പും കേരളത്തിൽ റീപോളിംഗ് നടന്നിട്ടുണ്ട്. എന്നാൽ വിവാദമുയർത്തിയ കള്ളവോട്ട് ആക്ഷേപത്തിന്മേൽ വോട്ടെടുപ്പ് നടന്ന് ഒരു മാസത്തോളം പിന്നിടുമ്പോൾ റീപോളിംഗ് നടത്തുന്നത് മുന്നണികൾക്ക് ഒരേ സമയം വെല്ലുവിളിയും ആശ്വാസവുമാകുന്നു.

കള്ളവോട്ട് ആരോപണത്തിൽ പ്രധാനമായും പ്രതിക്കൂട്ടിൽ നിൽക്കുന്നത് എൽ.ഡി.എഫും യു.ഡി.എഫുമാണിപ്പോൾ. കാസർകോട് മണ്ഡലത്തിലെ ചില ബൂത്തുകളിൽ സി.പി.എം കള്ളവോട്ട് ചെയ്തതിന്റെ ചില ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കം. യു.ഡി.എഫും ബി.ജെ.പിയും അതേറ്റുപിടിച്ചതോടെ പ്രതിരോധത്തിലായത് ഇടതുമുന്നണിയായിരുന്നു. സി.പി.എമ്മിന്റെ വനിതാ പഞ്ചായത്തംഗം ഉൾപ്പെടെയാണ് ആരോപണത്തിനിരയായത്. തിരഞ്ഞെടുപ്പ് കമ്മിഷനും അത് ശരിവച്ചതോടെ യു.ഡി.എഫ് രാഷ്ട്രീയാക്രമണം കടുപ്പിച്ചു. കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നവർ പറഞ്ഞു. എന്നാൽ, കണ്ണൂർ ജില്ലയിൽ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളിലും കള്ളവോട്ട് കേസുകൾ തെളിയിക്കാനാകുമെന്ന് ബോദ്ധ്യമുള്ള സി.പി.എം നേതൃത്വം അതിന്റെ തെളിവുകൾ ശേഖരിക്കാനുള്ള കരുക്കൾ നീക്കി. വൈകാതെ ലീഗ് ശക്തികേന്ദ്രങ്ങളിലെ കള്ളവോട്ട് ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ആക്രമണത്തിൽ നിന്ന് പ്രതിരോധത്തിലേക്ക് ഉൾവലിയേണ്ട സ്ഥിതി യു.ഡി.എഫിനും വന്നു. പിന്നീട് ഇരു നേതൃത്വങ്ങളും ആരോപണങ്ങൾ കൊഴുപ്പിക്കാൻ മുതിരാതെ ഉൾവലിയുന്ന സ്ഥിതിയാണ് കണ്ടത്. ഈ ഘട്ടത്തിലാണിപ്പോൾ കള്ളവോട്ട് നടന്ന നാല് ബൂത്തുകളിൽ റീപോളിംഗിന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരിക്കുന്നത്.

കമ്മിഷൻ റീപോളിംഗ് പ്രഖ്യാപിച്ച നാല് ബൂത്തുകളിൽ ഒരിടത്താണ് സി.പി.എം പ്രതിക്കൂട്ടിലുള്ളത്. കല്യാശ്ശേരിയിലെ രണ്ടും കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ പെട്ട തളിപ്പറമ്പിലെ പാമ്പുരുത്തിയിലും ലീഗാണ് പ്രതിക്കൂട്ടിൽ. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്പക്ഷമായി നടത്തിയ അന്വേഷണത്തിലൂടെ തെളിഞ്ഞ വിഷയത്തിലാണ് നടപടിയെന്നത് കൊണ്ടുതന്നെ ആദ്യം ആരോപണവുമായി രംഗത്ത് വന്ന യു.ഡി.എഫ് നേതൃത്വത്തിനും ഇതൊട്ടും ആഹ്ലാദിക്കാൻ വക നൽകുന്നതല്ല.

പിലാത്തറയിലെ ബൂത്തിൽ സി.പി.എം പഞ്ചായത്തംഗത്തിനെതിരെ ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയിലേക്ക് നീങ്ങിയപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ സി.പി.എം രൂക്ഷമായാണ് പ്രതികരിച്ചത്. എന്നാൽ, ലീഗിനെതിരെയും അന്വേഷണം നീങ്ങുന്ന ഘട്ടമായപ്പോൾ സ്ഥിതി മാറി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ന്യായീകരിച്ച് രംഗത്ത് വന്നതും ശ്രദ്ധേയം. അതേസമയം, കള്ളവോട്ട് ആക്ഷേപത്തിൽ നിന്ന് വോട്ടർപട്ടികയിലെ പേര് വെട്ടൽ വിഷയത്തിലേക്ക് യു.ഡി.എഫും നീങ്ങി. ഇതിന്മേൽ ആരോപണം ശക്തമാക്കി നീങ്ങാനാണ് ഇനിയവരുടെ തീരുമാനം.

കണ്ണൂർ ജില്ലയിൽ കാലാകാലങ്ങളായി ഉയരുന്നതാണ് കള്ളവോട്ട് ആരോപണം. പോളിംഗ് 90 ശതമാനത്തിനപ്പുറത്തേക്ക് പലേടത്തും നീങ്ങുന്നതും പാർട്ടി ശക്തികേന്ദ്രങ്ങൾ നിലനിൽക്കുന്നതുമെല്ലാമാണ് ആരോപണങ്ങളെ കൊഴുപ്പിക്കുന്ന ഘടകങ്ങൾ. സി.പി.എമ്മിനെതിരെ ആരോപണമുയർന്നപ്പോൾ ലീഗിനെതിരെയും തെളിവുണ്ടാകുമെന്ന ഉറച്ച ബോദ്ധ്യം അവരെ നയിച്ചതും ഇത്തരം ഘടകങ്ങൾ അറിയാവുന്നത് കൊണ്ടാണ്. റീപോളിംഗിനെ മൂന്ന് മുന്നണികളും സ്വാഗതം ചെയ്തിട്ടുണ്ട്.