thomas

പാരീസ്:സാമ്പത്തിക വളർച്ചയുടെ കേരള മാതൃകയെപ്പ​റ്റി ആഴത്തിൽ പഠനം നടത്താനും കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും താത്പര്യമുള്ളതായി പ്രമുഖ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞൻ തോമസ് പിക്ക​റ്റി മുഖ്യമന്ത്റി പിണറായി വിജയനെ അറിയിച്ചു.

പാരീസിൽ മുഖ്യമന്ത്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പാരീസ് സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസറും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയ വിദഗ്ദ്ധനുമായ ലൂകാസ് ചാൻസലും ചർച്ചയിൽ പങ്കെടുത്തു.

ഭൂപരിഷ്‌കരണത്തിലൂടെയും ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ നടത്തിയ വലിയ മുതൽമുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് താൻ ഏറെ ബോധവാനാണെന്ന് പിക്ക​റ്റി പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനപാതയാണ് കേരള സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്റി വിശദീകരിച്ചു. ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകൾ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുവരാനാണ് രദ്ധിക്കുന്നത്. സർക്കാർ വരുത്തിയ മാ​റ്റങ്ങളുടെ ഫലമായി കൂടുതൽ വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ ചേരുകയാണ്. അസംഘടിത വിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷൻ രാജ്യത്തിന് തന്നെ മാതൃകയാണ്.

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്ക​റ്റി നിർദേശിച്ചു. കൂടുതൽ സമ്പത്തുള്ളവരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കണം. സമ്പന്നരുടെ നികുതി കുറയ്ക്കുന്നിന് ആഗോളമായി തന്നെ സമ്മർദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല രാഷ്ട്രങ്ങളും ഇവരുടെ വാദഗതികളാണ് ഉയർത്തുന്നത്. ഭൂനികുതി, വസ്തുനികുതി, സ്വത്ത്‌നികുതി എന്നിവയുടെ ഘടന മാറണം. കൂടുതൽ സമ്പത്തുള്ളവരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കുന്ന വിധത്തിൽ നികുതി നിരക്ക് മാറിക്കൊണ്ടിരിക്കണം.

കേരളം സന്ദർശിക്കാനുള്ള ക്ഷണം പിക്ക​റ്റി സ്വീകരിച്ചതിന് മുഖ്യമന്ത്റി നന്ദി പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ എന്നിവരും മുഖ്യമന്ത്റിയോടൊപ്പമുണ്ടായിരുന്നു.