നെടുമങ്ങാട്: അച്ഛന്റെയും അമ്മയുടെയും എതിർപ്പ് വകവയ്ക്കാതെ സ്നേഹിച്ചയാൾക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ട സ്‌മിതയ്‌ക്ക് പ്രിയതമന്റെ കൊലക്കത്തിയിൽ ദാരുണാന്ത്യം. ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ കരകുളം മുല്ലശ്ശേരി മാടപ്പാട് ആനൂർ വീട്ടിൽ സ്‌മിതയുടെ (38) ജീവിതം കരളലിയിക്കുന്നതാണ്. നഴ്‌സിംഗ് അസിസ്റ്റന്റായിരുന്ന സ്‌മിത വിളപ്പിൽശാല ചേലക്കാട് ഇന്ദിരാഭവനിൽ മാധവൻ നായരുടെയും ഇന്ദിരാമ്മയുടെയും മൂന്നുമക്കളിൽ മൂത്തയാളാണ്. വീടിനു സമീപത്തെ ആശ്രമത്തിൽ നിത്യ സന്ദർശകരായിരുന്നു സ്‌മിതയും സജീവ്കുമാറും. പരിചയം പ്രണയത്തിലേക്ക് വഴിമാറി. വീട്ടുകാരുടെ സമ്മതം കൂടാതെ സജീവിനൊപ്പം ജീവിക്കാൻ നിശ്ചയിച്ച് സ്‌മിത ഇറങ്ങിപ്പുറപ്പെട്ടു. സ്ത്രീധനമില്ലാതെയുള്ള വിവാഹത്തിന് സജീവിന്റെ വീട്ടിലും സമ്മതമുണ്ടായില്ല. സ്ത്രീധനത്തെച്ചൊല്ലിയുള്ള മുറുമുറുപ്പ് ശാരീരിക ഉപദ്രവത്തിലേക്ക് വഴിമാറുകയായിരുന്നു. സജീവ്കുമാർ എന്നും മദ്യപിച്ചാണ് വീട്ടിലെത്തിയിരുന്നത്. ഭക്ഷണമെല്ലാം തട്ടിത്തെറിപ്പിക്കും. സ്‌മിതയും മക്കളും കരഞ്ഞ് കാലുപിടിച്ചാലും രക്ഷയില്ല. വിശേഷ ദിവസങ്ങളെല്ലാം മർദ്ദനത്തിലും കണ്ണീരിലുമാണ് കലാശിക്കാറുള്ളത്. ആദ്യത്തെ കുട്ടിയെ ഗർഭിണിയായിരിക്കുമ്പോൾ സ്‌മിത അടിവയറ്റിൽ ചവിട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ബന്ധുക്കളെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സ്‌മിത കൂട്ടാക്കിയില്ല. ഇതോടെ ബന്ധുക്കളാരും സ്‌മിതയെ അന്വേഷിച്ച് വരാതായി. കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കവേ സജീവ്കുമാർ അവിടെയെത്തി ബഹളമുണ്ടാക്കി. സർട്ടിഫിക്കറ്റുകൾ തീയിട്ടു നശിപ്പിച്ചു. തന്റെയും മക്കളുടെയും ചെലവുകൾ ഭർത്താവിന്റെ വീട്ടുകാരെ ആശ്രയിക്കാതെ നടത്തിക്കാനാണ് സ്‌മിത ജോലിക്ക് പോയിരുന്നത്. അടുത്തിടെ നെടുമങ്ങാട്ടെ ആശ്വാസ് മെഡിക്കൽ ഷോപ്പിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും അവിടെയും ഭീഷണിയുണ്ടായി. ഇതേച്ചൊല്ലിയുണ്ടായ തർക്കങ്ങളാണ് ഒടുവിൽ സ്‌മിതയുടെ ജീവനെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധരും പൊലീസും തെളിവെടുപ്പിന് എത്തിയപ്പോൾ പരിസരവാസികളും നാട്ടുകാരും സജീവ്കുമാറിന്റെ മാതാവിനെതിരെയും പരാതിയുമായി രംഗത്തുവന്നു. ഇവരുടെ പ്രേരണയിലാണ് സ്‌മിതയെ സജീവ്കുമാർ മർദ്ദിച്ചിരുന്നതെന്ന് ചിലർ ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി ഉറപ്പ് നൽകിയ ശേഷമാണ് മൃതദേഹം നീക്കം ചെയ്യാൻ നാട്ടുകാർ അനുവദിച്ചത്.

പാറുവും ഭദ്ര‌യും ഇനി തനിച്ച് ...

മദ്യലഹരിയിൽ അച്ഛൻ അമ്മയുടെ ജീവനെടുക്കുമ്പോൾ പാർവതിയും ഭദ്ര‌യും പേടിച്ചു വിറച്ച് തൊട്ടടുത്ത മുറിയിൽ ഏങ്ങിക്കരയുകയായിരുന്നു. പതിവായുള്ള ബഹളവും കരച്ചിലും കഴിഞ്ഞ് രാവിലെ ചിരി തൂകുന്ന മുഖവുമായി അമ്മയെ കാണാമെന്നായിരുന്നു അവരുടെ വിശ്വാസം. മുറിയിൽ കൂടെയുള്ള അച്ചാമ്മ ഇരുവരെയും പുറത്ത് പോകാൻ അനുവദിച്ചതുമില്ല. പുറത്തിറങ്ങിയാലും അമ്മ പറയും 'പേടിക്കേണ്ട, അച്ഛനല്ലേ. പോയിക്കിടന്ന് ഉറങ്ങിക്കൊള്ളാൻ'. ഓർമ്മവച്ച നാൾ മുതൽ അമ്മയുടെ ഈ ആശ്വാസ വാക്കിൽ വിശ്വസിച്ചാണ് പാറുവും ഭദ്ര‌യും ഓരോ രാത്രിയും കഴിഞ്ഞിരുന്നത്. സജീവ്കുമാറിന്റെ ക്രൂര മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ അയൽവീടുകളിൽ അഭയം തേടുന്നത് കുട്ടികൾ അറിയാതിരിക്കാൻ സ്‌മിത ശ്രദ്ധിച്ചിരുന്നു. നാട്ടുകാരുടെ മുന്നിലും ഭർത്താവിനെക്കുറിച്ച് സ്‌മിത പരാതി പറഞ്ഞില്ല. പത്താം ക്ലാസുകാരിയായ പാർവതിയെയും ഒമ്പതാം ക്ളാസുകാരിയായ ഭദ്രയെയും സുരക്ഷിത കരങ്ങളിൽ ഏല്പിക്കുംവരെ സജീവ്കുമാറിനൊപ്പം കഴിയണമെന്നായിരുന്നു സ്‌മിതയുടെ ആഗ്രഹമെന്ന് ബന്ധുക്കൾ പറഞ്ഞു.