തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്ത്രവാദിയുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ്. ലേഖയും മകളും മരിച്ചതിന് തലേദിവസവും വീട്ടിൽ പൂജ നടന്നിരുന്നുവെന്ന് സഹോദരി ബിന്ദുവിനോട് ലേഖ ഫോണിലൂടെ അറിയിച്ചിരുന്നെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയെക്കുറിച്ച് അന്വേഷിക്കുന്നത്. ഇന്നലെ മാരായമുട്ടം സ്റ്റേഷനിലെത്തി മൊഴി നൽകവെയാണ് പൂജ നടന്ന വിവരം ബിന്ദു വെളിപ്പെടുത്തിയത്. മുൻപും പൂജ നടന്നിരുന്നതായും മന്ത്രവാദിയുടെ നിർദ്ദേശാനുസരണം തന്നെ വീട്ടിൽ നിന്നും പുറത്താക്കാൻ കൃഷ്ണമ്മയും ചന്ദ്രനും ശ്രമിച്ചതായി ലേഖ പറഞ്ഞതായും മൊഴിയിലുണ്ട്.
ആത്മഹത്യ നടന്ന വീട് ഇന്നലെ വീണ്ടും തുറന്ന് പരിശോധിച്ചപ്പോൾ ലേഖയുടെ കുറിപ്പുകൾ അടങ്ങിയ ഒരു നോട്ട് ബുക്ക് കൂടി പൊലീസ് കണ്ടെത്തി. വർഷങ്ങളായി കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി ഇതിൽ പരാമർശമുണ്ട്. ഗൾഫിൽ നിന്ന് അയച്ച പണം എന്ത് ചെയ്തുവെന്നും ആർക്ക് കൊടുത്തുവെന്നും ചോദിച്ച് ചന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നുവെന്നും കുറിപ്പിലുണ്ട്.
ഓരോ ദിവസത്തെയും ചിലവുകൾ സംബന്ധിച്ചും കുറിച്ചിട്ടുണ്ട്. ആദ്യ പേജുകളിൽ, ഓരോ ദിവസത്തെയും കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെയും മകളെയും മോശക്കാരികളായി ചിത്രീകരിക്കാൻ ചന്ദ്രന്റെ അമ്മ ശ്രമിക്കുന്നുവെന്നും, മകളെ കുറിച്ചാലോചിക്കുമ്പോൾ സങ്കടമുണ്ടെന്നും ലേഖ കുറിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച്ച ജപ്‌തി ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടികളുടെ ഭാഗമായെത്തിയ ബാങ്ക് മാനേജർ വീട് വാങ്ങാൻ തീരുമാനിച്ച വ്യക്തിയുമായി ബ്രോക്കറുടെ ഫോണിലൂടെ ചൊവ്വാഴ്ച അഡ്വാൻസ് കൊടുക്കുമോയെന്നു ചോദിച്ചിരുന്നതായി നാട്ടുകാരനായ സെബാസ്റ്റ്യൻ പറഞ്ഞു. അഡ്വാൻഡ് തുക ബാങ്കിൽ അടച്ച് ലേലം തത്കാലത്തേക്ക് ഒഴിവാക്കാനും വില്പന സമയത്ത് ശേഷിക്കുന്ന വായ്പാ കുടിശിക അടച്ചുതീർക്കാനുമായിരുന്നു പദ്ധതി. വസ്തു വാങ്ങാനെത്തുമെന്ന് സമ്മതിച്ചിട്ട് പോയ വ്യക്തി ചൊവാഴ്ച്ച രാവിലെ എത്തിയെങ്കിലും അഡ്വാൻസ് കൊടുക്കാതെ മടങ്ങി.
ബിന്ദുവിന്റെ ഭർത്താവ് ദേവരാജൻ, ബ്രോക്കർ ക്രിസ്തുദാസ്, വൈഷ്ണവിയുടെ കൂട്ടുകാരികൾ എന്നിവരിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സി.ഐ യുടെ നേതൃത്വത്തിൽ മൊഴി എടുത്തു. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണകുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും ഗാർഹിക പീഡനക്കുറ്റം ഉൾപ്പെടുത്തുമെന്നും സി.ഐ പറഞ്ഞു.
തലമുറകളായി ആഭിചാരം
ചന്ദ്രന്റെ കുടുംബം പാരമ്പര്യമായി ആഭിചാര പ്രവർത്തികൾ ചെയ്യുന്നവരാണെന്ന് നാട്ടകാർ പറയുന്നു. കൃഷ്ണമ്മ സ്ഥിരമായി വീട്ടിൽ പൂജ നടത്തിയിരുന്നു. കൂടാതെ തുള്ളിപറയൽ എന്ന അനുഷ്ടാനവും കൃഷ്ണമ്മ തുടർന്നുവന്നിരുന്നു. ചന്ദ്രന്റെ മുത്തു മുത്തച്ഛനായ ഗോവിന്ദൻ ആചാരിയാണ് ഇതിന് തുടക്കമിട്ടത്.