തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എട്ടരക്കോടി വിലയുള്ള സ്വർണം കടത്തിയതിന്റെ മുഖ്യകണ്ണി
യായ ഒളിവിൽപ്പോയ അഭിഭാഷകൻ കഴക്കൂട്ടം വെട്ടുറോഡ് കരിയിൽ സ്വദേശി ബിജുമോഹനെതിരെ (45) ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാൾ വിദേശത്തേക്ക് കടക്കുന്നത് തടയാൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാനിർദ്ദേശം നൽകി. ബിജുവിന്റെ ഭാര്യ വിനീതാ രത്നകുമാരിയെ (38) സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബിജുവിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ഇയാളെ കിട്ടിയാൽ സ്വർണക്കടത്തിന്റെ ചുരുളഴിക്കാനാവും. അതിനാൽ ചില ജുവലറിക്കാർ ഇയാളെ ഒളിപ്പിച്ചിരിക്കുകയാണെന്ന് സൂചനയുണ്ട്. ഭാര്യയെ ജയിലിലടയ്ക്കുകയും കേസിൽ പ്രതിയാക്കുകയും ചെയ്തതിനെത്തുടർന്ന് ബിജു ചില അഭിഭാഷകർ മുഖേന കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായും വിവരമുണ്ട്. തിങ്കളാഴ്ച രാവിലെയെത്തിയ ഒമാൻ എയർവേയ്സിൽ സ്വർണം കടത്തിയ തിരുമല വിശ്വപ്രകാശം സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ (45), സുഹൃത്തും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനിയുമായ സെറീന ഷാജി (42) എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് ബിജുവിന്റെ പങ്ക് വെളിവായത്.
ഭാര്യ വിനീതയെ നിർബന്ധിച്ച് ബിജു സ്വർണക്കടത്തിനുള്ള കാരിയറാക്കുകയായിരുന്നു. നാലു തവണ താൻ അഞ്ചുകിലോ വീതം സ്വർണം കടത്തിയെന്ന് ചോദ്യം ചെയ്യലിൽ വിനീത സമ്മതിച്ചു. ഇവിടെ നിന്ന് ഇന്ത്യൻ കറൻസിയും വിദേശ കറൻസിയും കൊണ്ടുപോകും. ഹാൻഡ് ബാഗിൽ സ്വർണവുമായി മടങ്ങും - ഇതാണ് മൊഴി. ബിജുവിനെ കണ്ടെത്താൻ തലസ്ഥാനത്തെ വിവിധയിടങ്ങളിലും ബന്ധുവീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. നെട്ടയം,കാച്ചാണി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ബിനാമികളെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ ഇയാൾ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. നെട്ടയത്തുള്ള സുഹ്യത്തുക്കളാണ് ഇയാളെ ഒളിപ്പിച്ചിരിക്കുന്നതെന്നും സുചനയുണ്ട്.
വിനീതയും അഭിഭാഷകയാണ്. പിടിയിലായവർക്കെതിരെ കൊഫെപോസ (വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും സംബന്ധിച്ച ചട്ടം) ചുമത്തി.
ഡി.ഐ.ഐയെ വളഞ്ഞ് അഭിഭാഷകർ
വിനീതയെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് തലസ്ഥാനത്തെ അഭിഭാഷകർ ഡി.ആർ.ഐ ഓഫീസ് വളഞ്ഞു. എന്നാൽ വിനീതയ്ക്കെതിരേ എടുത്തത് കള്ളക്കേസല്ലെന്നും സ്വർണക്കടത്ത് നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും ഡി.ആർ.ഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശക്തമായ നടപടിയുണ്ടാവുമെന്ന് ഉറപ്പായതോടെയാണ് അഭിഭാഷകർ പിരിഞ്ഞുപോയത്.