bank

തിരുവനന്തപുരം: മാരായമുട്ടത്ത് വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്കൂട്ടിലായ കനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖ ഒരു ദിവസത്തിന് ശേഷം ഇന്നലെ പതിവുപോലെ പ്രവർത്തിച്ചു. സംഭവത്തെ തുടർന്ന് ബാങ്കിന് മുന്നിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധവും പ്രകടനവും നടന്നിരുന്നു. ആത്മഹത്യ നടന്നതിനു പിന്നാലെ ഉച്ചയോടെ ബാങ്ക് പ്രവർത്തനം നിറുത്തിയിരുന്നു. പ്രതിഷേധം വീണ്ടും ഉണ്ടാകുമെന്ന് ഭയന്ന് അടുത്ത ദിവസം ബാങ്കിന്റെ നെയ്യാറ്റിൻകര, കുന്നത്തുകാൽ, കമുകിൻകോട് ശാഖകൾ പ്രവർത്തിച്ചിരുന്നില്ല. നെയ്യാറ്റിൻകര ശാഖയിൽ രണ്ട് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ബാങ്ക് മാനേജർ ശശികലാമണി രാമകൃഷ്ണനും നാല്​ ജീവനക്കാരും ബുധനാഴ്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അതിനാൽ ഇന്നലെ മാനേജർ ബാങ്കിലെത്തിയില്ല. മാനേജർ അവധിയിലാണെന്നാണ് ചുമതലയുള്ള ഉദ്യാേഗസ്ഥൻ പറഞ്ഞത്. സംഭവത്തെ തുടർന്ന് ജപ്തി നടപടികൾ നിറുത്തിവച്ചിരുന്നു. ഇതേക്കുറിച്ച് ഹെഡ് ഓഫീസിൽ നിന്നോ ജനറൽ മാനേജരിൽ നിന്നോ യാതൊരു അറിയിപ്പും ബാങ്കിന് ലഭിച്ചിട്ടില്ല. ആദ്യദിവസം തങ്ങളെ പ്രതിക്കൂട്ടിലാക്കാൻ മത്സരിച്ചവർ ഇപ്പോൾ പിന്മാറിയതിന്റെ ആശ്വാസവും ജീവനക്കാരുടെ മുഖത്തുണ്ട്.

'കൊലയാളി ബാങ്ക്' എന്ന് വിളിച്ചു


സംഭവത്തിന് പിന്നാലെ കനറാ ബാങ്കിനെ കൊലയാളി ബാങ്ക് എന്ന് വിളിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലും ചാനലുകളിലും മറ്റും നീചമായ ആക്രമണം നേരിടേണ്ടി വന്നതായി ജനറൽ മാനേജർ കെ. മായ പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാകാത്ത ദിവസമാണ് മേയ് 14 എന്നും അവർ കൂട്ടിച്ചേർത്തു.