തിരുവനന്തപുരം: മാനസിക പീഡനം നേരിട്ടിട്ടും 20 വർഷക്കാലം അവൾ പിടിച്ചുനിന്നത് മനോധൈര്യം ഒന്നുകൊണ്ടു മാത്രമാണെന്ന് ലേഖയുടെ സഹോദരി ബിന്ദു പറഞ്ഞു. മാരായമുട്ടം പൊലീസ് സ്റ്റേഷനിൽ ഭർത്താവിനൊപ്പം മൊഴി നൽകിയശേഷം സംസാരിക്കുകയായിരുന്നു ബിന്ദു. വിവാഹത്തിന് മുമ്പ് ലേഖ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ നഴ്സായി ജോലി നോക്കിയിരുന്നു. വിവാഹശേഷം ജോലിക്ക് പോകേണ്ടെന്ന് ചന്ദ്രൻ പറഞ്ഞു. ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയുടെ മാനസിക പീഡനത്തെക്കുറിച്ച് ലേഖ പറഞ്ഞിട്ടുണ്ട്. അവർക്ക് സംശയരോഗമാണ്. ലേഖയോട് മിണ്ടരുതെന്ന് അമ്മ പറഞ്ഞാൽ ചന്ദ്രൻ അതനുസരിക്കും. മാവിന് ഉപ്പുകൂടിയെന്ന നിസാര കാരണം പറഞ്ഞുപോലും പീഡിപ്പിക്കുമായിരുന്നു. സ്ത്രീധനത്തുകയായ 50,000 രൂപ യഥാസമയം കൊടുക്കാൻ കഴിയാത്തതിനാൽ അതിനെച്ചൊല്ലിയായിരുന്നു ആദ്യം പീഡനം. തുടർന്ന് ലേഖയുടെ അമ്മയുടെ പേരിലുള്ള എട്ട് സെന്റിൽ നിന്ന് നാല് സെന്റ് ചന്ദ്രന് എഴുതിക്കൊടുത്താണ് പ്രശ്നം അവസാനിപ്പിച്ചത്. എന്നാൽ ആ വസ്തു വിറ്റുതുലച്ചു. അവൾക്ക് കയറിക്കിടക്കാൻ പോലും ഇടമില്ലാതായി. നഴ്സാകാൻ കഴിയാത്തതിനാൽ മകൾ ഡോക്ടറായി കാണണമെന്നായിരുന്നു ലേഖയുടെ ആഗ്രഹം. അതും നടന്നില്ല.- സങ്കടം കടിച്ചമർത്തി ബിന്ദു പറഞ്ഞു.