കിളിമാനൂർ: കിളിമാനൂർ മാർക്കറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. ഇനി മൂക്കു പൊത്താതെ എത്താം ഇവിടേക്ക് .മാർക്കറ്റിലെ മാലിന്യത്തിന്റെ ദുർഗന്ധത്തിൽ പൊറുതിമുട്ടി കഴിയുകയായിരുന്നു കിളിമാനൂർ നിവാസികൾ. കിളിമാനൂർ സർക്കാർ ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, അംഗൻവാടി, എക്സൈസ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ പണിയെടുത്തിരുന്നത് ഈ കടുത്ത ദുർഗന്ധം സഹിച്ചാണ്.
മാർക്കറ്റിൽ മാലിന്യം നിക്ഷേപിക്കുന്ന കുഴിയിൽ രാവിലെ മുതൽ അവ കത്തിക്കുമ്പോഴുണ്ടാകുന്ന പുക കാരണം കിളിമാനൂരിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണുണ്ടായിരുന്നത്. നിത്യേന നൂറുകണക്കിന് രോഗികൾ എത്തുന്ന ആയുർവേദ ആശുപത്രിയിലെയും, ഹോമിയോ ആശുപത്രിയിലെയും രോഗികളും, ജീവനക്കാരും ഈ ദുർഗന്ധത്താലും, പുക കൊണ്ടും പകർച്ച വ്യാധികളും മറ്റ് അസുഖങ്ങളുടെയും ഭീതിയിലായിരുന്നു. തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുരുന്നുകളും ഇതേ അവസ്ഥയിലായിരുന്നു. ഇതെല്ലാം ചൂണ്ടി കാട്ടി കേരളകൗമുദി മാർച്ച് 4 ന് മാലിന്യത്തിന്റെ 'ദുർഗന്ധത്തിൽ പൊറുതി മുട്ടി നാട്ടുകാർ' എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് ഇടപെടുകയും മാർക്കറ്റിനകത്തെ മാലിന്യങ്ങൾ ജെ.സി.ബി.യും, ടിപ്പറും ഉപയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു. ചന്തയ്ക്കകത്തെ മുഴുവൻ മാലിന്യങ്ങളും നിക്ഷേപിച്ചിരുന്നത് ഈ സ്ഥാപനങ്ങൾക്ക് സമീപമുള്ള മാലിന്യ നിക്ഷേപക പ്ലാന്റിലാണ്. യഥാസമയം ഇവിടുന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാത്തതു കാരണം, അറവു മാലിന്യങ്ങൾ ഉൾപ്പെടെ തെരുവുനായ്ക്കളും പക്ഷികളും കൊത്തി വലിച്ച് സമീപ വീടുകളിലും കിണറുകളിലും കൊണ്ടിടുന്നതും പതിവ് കാഴ്ചയായിരുന്നു.