നെയ്യാറ്റിൻകര: വീട്ടമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ വീട്ടിൽ ആഭിചാരക്രിയകൾക്കും ദുർമന്ത്രവാദത്തിനും സ്ഥിരമായി എത്തിയിരുന്ന കോട്ടൂർ സ്വദേശിയായ മന്ത്രവാദിയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ(44), മകൾ വൈഷ്ണവി (19) എന്നിവർ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ ക്കുറിപ്പിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നത്. ആത്മഹത്യ നടക്കുന്നതിന് തലേദിവസമായ തിങ്കളാഴ്ച രാത്രി 7 മണിമുതൽ രാത്രി പതിനൊന്നരവരെ മന്ത്രവാദി ഇവരുടെ വീട്ടുവളപ്പിലെ ക്ഷേത്രത്തിൽ ആഭിചാരക്രിയകളും മന്ത്രവാദവും നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടുത്തദിവസം ബാങ്കുകാർ നടത്താൻ തീരുമാനിച്ച ജപ്തി നടപടികളും വീടും സ്ഥലവും വിൽക്കുന്നതിനായുള്ള അഡ്വാൻസ് കൈപ്പറ്റലും നടക്കില്ലെന്നും മന്ത്രവാദത്തിനൊടുവിൽ ഇയാൾ ചന്ദ്രനെയും അയാളുടെ മാതാവ് കൃഷ്ണമ്മയേയും ധരിപ്പിച്ചിരുന്നു.
മന്ത്രവാദത്തിനിടെ ഉറഞ്ഞുതുള്ളിയ കൃഷ്ണമ്മയും ജപ്തിയും വസ്തുവിൽപ്പനയും നടക്കില്ലെന്നാണ് പ്രവചിച്ചത്. ഇത് വിശ്വാസത്തിലെടുത്തതിനാലാണ് അടുത്തദിവസം ബാങ്കുകാർ ജപ്തി നടപടികൾക്കായി രാവിലെ ബന്ധപ്പെട്ടപ്പോഴും ചന്ദ്രൻ കുലുക്കമില്ലാതെ നിന്നത്. എന്നാൽ ബാങ്കിൽ നിന്ന് ചൊവ്വാഴ്ച രാവിലെ തുടർച്ചയായി ഫോൺ കോളുകൾ
വന്നതോടെ ലേഖയും മകൾ വൈഷ്ണവിയും സമ്മർദ്ദത്തിലായി. ബാങ്കുകാർ വിളിക്കുന്നതായി സഹോദരി ഭർത്താവിനോട് ലേഖ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം നടന്ന വീട്ടിൽ കൃഷ്ണമ്മയുടെ മുറി പൊലീസിന് ഇന്നലെ തുറന്ന് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് അവരുടെ മുറികൾ പരിശോധിക്കുന്നതിനൊപ്പം ലേഖയുടെ സഹോദരങ്ങളുടെയും അടുത്ത ബന്ധുക്കളെയും നേരിൽകണ്ടും വിവരങ്ങൾ ആരായും.