chavar

തിരുവനന്തപുരം: ശംഖുംമുഖം സുനാമി പാർക്ക് വളപ്പിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) കളക്ഷൻ സെന്ററിൽ നിന്ന് മാലിന്യം നീക്കം ചെയ്യാത്തത് ബീച്ചിലും പാർക്കിലുമെത്തുന്ന സന്ദർശകരെയും ഇവിടത്തെ കച്ചവടക്കാരെയും ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായുള്ള മാലിന്യം തരംതിരിച്ച് സംസ്കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതിനാൽ തെരുവുനായ്ക്കളുടെയും ഈച്ചയുടെയും ശല്യവും വർദ്ധിച്ചു.

ബീച്ച്, സുനാമി പാർക്ക്, മത്സ്യകന്യക, കുട്ടികളുടെ പാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് ടൂറിസം വകുപ്പ് ജീവനക്കാർ ശേഖരിച്ച് കളക്ഷൻ സെന്ററിലെത്തിക്കുന്നത്. ഡി.ടി.പി.സിക്ക് മാലിന്യങ്ങൾ കത്തിച്ച് കളയാൻ സ്വന്തം നിലയിൽ സംവിധാനമില്ലാത്തതിനാൽ സ്വകാര്യ ഏജൻസിയെയാണ് കരാറടിസ്ഥാനത്തിൽ നിയോഗിച്ചിരിക്കുന്നത്. പ്ളാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങളെ തരംതിരിച്ച് വെവ്വേറെ ചാക്കുകളിലാക്കി കരാറുകാരൻ നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. വാഹനത്തിലെത്തി മാലിന്യങ്ങൾ ഇവിടെ നിന്ന് നീക്കം ചെയ്തിരുന്ന ഏജൻസി കഴിഞ്ഞ ഒരാഴ്ചയായി മാലിന്യം ശേഖരിക്കാത്തതാണ് പ്രശ്നം.

നഗരസഭയുടെ നേതൃത്വത്തിൽ അനധികൃതമായ വേസ്റ്റ് കളക്ഷൻ വാഹനങ്ങൾക്കും ഏജൻസികൾക്കുമെതിരെ നടപടി ശക്തമാക്കിയ ശേഷമാണ് ഇവിടെയും മാലിന്യ നീക്കം തടസപ്പെട്ടതെന്ന് കച്ചവടക്കാർ പറയുന്നു. വിവിധ വലിപ്പങ്ങളിലുള്ള നൂറോളം ചാക്കുകളിൽ കളക്ഷൻ സെന്ററിനകത്തും പുറത്തുമായി വ്യാപിച്ച് കിടക്കുന്ന മാലിന്യം ചീഞ്ഞളിഞ്ഞ് അസഹ്യമായ ദുർഗന്ധമാണുണ്ടാകുന്നത്. ബീച്ചിൽ കാറ്റുകൊള്ളാനും സമയം ചെലവഴിക്കാനുമെത്തുന്നവർക്ക് മൂക്ക് പൊത്താതെ നിൽക്കാനാകാത്ത അവസ്ഥയാണ്. പണം നൽകി ഉപയോഗിക്കുന്ന ടോയ്ലറ്റ് സംവിധാനവും ലൈഫ് ഗാർ‌ഡുകളുടെ വിശ്രമമുറിയും ഡ്രൈവിംഗ് പരിശീലനം നൽകുന്ന ഗ്രൗണ്ടും ഇതിന് തൊട്ടടുത്താണ്. ഈച്ചയും പുഴുവുമരിച്ച് മാലിന്യം കുന്നുകൂടിയതോടെ ബീച്ചിലെത്തുന്ന സന്ദർശകരെല്ലാം ദുരിതത്തിലാണ്.

'' കരാറുകാരനാണ് മാലിന്യം തരംതിരിച്ച് സംസ്കരിക്കുന്ന ചുമതല. ആഴ്ചകളായി മാലിന്യ നീക്കം തടസ്സപ്പെട്ടതിനെപ്പറ്റി പരാതികളൊന്നും ലഭിച്ചില്ല. മാലിന്യനീക്കം തടസപ്പെടാനിടയായ സാഹചര്യം അന്വേഷിച്ചശേഷം ഉചിതമായ നടപടിയെടുക്കും.

സുരേഷ് കുമാർ, മാനേജർ, ഡി.ടി.പി.സി, ശംഖുംമുഖം