കൊട്ടും കുരവയുമായി ആരംഭിച്ച ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ ശാപം ഇതുവരെ തീർന്നില്ലെന്നാണു തോന്നുന്നത്. ഈ വർഷവും അവിടെ പ്രവേശനാനുമതി ലഭിച്ചിട്ടില്ല. നീറ്റ് പരീക്ഷാഫലത്തിനായി ആയിരങ്ങൾ ആകാംക്ഷാപൂർവം കാത്തിരിക്കുമ്പോൾ ഒരു സർക്കാർ മെഡിക്കൽ കോളേജിന്റെ വാതിലുകൾ അടഞ്ഞുതന്നെ കിടക്കുന്നത് വല്ലാത്ത വിധിവൈപരീത്യമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ പരിപുഷ്ടിപ്പെടുത്താൻ അരയും തലയും മുറുക്കി ഇറങ്ങുന്നവർ മലമുകളിലെ ഈ മെഡിക്കൽ കോളേജിന് ശാപമോക്ഷം നൽകാൻ ഇനിയും നടപടികളെടുക്കാത്തത് വലിയ കഷ്ടം തന്നെയാണ്.
സ്വകാര്യ മെഡിക്കൽ കോളേജുകളുടെ ചൂഷണവും തലവരിയുമൊക്കെ അസഹ്യമായ ഒരു ഘട്ടത്തിലാണ് മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ സർക്കാർ മുന്നോട്ടുവന്നത്. ജനങ്ങളും വിദ്യാഭ്യാസത്തിൽ താത്പര്യമുള്ള സകല മനുഷ്യരും ഈ തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ സർക്കാർ ഉദ്ദേശിച്ചതുപോലെ അധികം മെഡിക്കൽ കോളേജുകൾ പുതുതായി പിറവിയെടുത്തില്ല. ഇടുക്കി ഉൾപ്പെടെ ഏതാനും എണ്ണം സ്ഥാപിതമായെങ്കിലും മെഡിക്കൽ കോളേജിന് അവശ്യം ഉണ്ടാകേണ്ട സൗകര്യങ്ങളിൽ പലതും യഥാകാലം ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെടുകയാണുണ്ടായത്. ആശുപത്രികളിലെ അപര്യാപ്തതകൾ, അദ്ധ്യാപകരുടെ കുറവ്, കെട്ടിടങ്ങളുടെ പോരായ്മ തുടങ്ങി കുറവുകൾ പലതായിരുന്നു. മെഡിക്കൽ കൗൺസിലിന്റെ താത്കാലിക അനുമതി ഒപ്പിച്ചെടുത്താണ് കോളേജുകളിൽ ചിലത് പ്രവർത്തനം തുടങ്ങിയത്. ഓരോ വർഷവും മെഡിക്കൽ കൗൺസിൽ കണ്ണുരുട്ടുമ്പോഴും താത്കാലിക നടപടികളെടുത്ത് മുന്നോട്ടു പോകാറാണു പതിവ്. മലയോര ജില്ലയായ ഇടുക്കിയിലെ മെഡിക്കൽ കോളേജ് ആദ്യംതൊട്ടേ പ്രതിസന്ധിയിലായിരുന്നു. അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ ഇടപെട്ടതോടെ അവിടെനിന്ന് കുട്ടികളെ മറ്റു കോളേജുകളിലേക്കു മാറ്റേണ്ട സ്ഥിതി വരെ വന്നുചേർന്നു. എന്നിട്ടും കോളേജിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞില്ല. മലയോരവാസികളുടെ ക്ഷേമത്തിൽ മുതലക്കണ്ണീരൊഴുക്കാറുള്ള രാഷ്ട്രീയ നേതൃത്വങ്ങളും ഇടുക്കി മെഡിക്കൽ കോളേജിന്റെ ദുഃസ്ഥിതി മാറ്റാൻ ഒന്നും ചെയ്തില്ല. ഈ പശ്ചാത്തലത്തിലാണ് ഈ വർഷവും ഇവിടെ പ്രവേശനാനുമതിയില്ലെന്നുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. സർക്കാർ ചെലവിൽ പഠിക്കാനുള്ള നൂറ് കുട്ടികളുടെ അവസരമാണ് ഇതുമൂലം ഇല്ലാതാകുന്നത്.
മുമ്പും മെഡിക്കൽ കൗൺസിൽ ഇടുക്കി കോളേജിൽ പുതിയ ബാച്ചിന് പ്രവേശനം തടഞ്ഞിരുന്നു. മെഡിക്കൽ കൗൺസിലിനെ അനുനയിപ്പിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നു കേൾക്കുന്നു. അങ്ങനെ നടന്നാൽ കുട്ടികളുടെ ഭാഗ്യം. എന്നാൽ പോരായ്മകൾ മുമ്പും പലവട്ടം അക്കമിട്ടു ചൂണ്ടിക്കാണിച്ചിട്ടും അവ തൃപ്തികരമായി പരിഹരിക്കാൻ കഴിയാത്തതെന്തുകൊണ്ടെന്ന് ആരെങ്കിലും അന്വേഷിക്കേണ്ടതല്ലേ? അതിനു ചുമതലപ്പെട്ടവരാരും ഡി.എം.ഇയിൽ ഇല്ലെന്നാണോ മനസിലാക്കേണ്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയുടെ സ്ഥിതിപോലും നേരെയാക്കിയിട്ടില്ലെന്നാണ് പറഞ്ഞു കേൾക്കുന്നത്. ഇടുക്കി മെഡിക്കൽ കോളേജിൽ മതിയായ അദ്ധ്യാപകരില്ലാത്തത് മെഡിക്കൽ കൗൺസിലിന്റെ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇടുക്കിയിൽ മാത്രമല്ല മറ്റു ചില സർക്കാർ മെഡിക്കൽ കോളേജുകളിലും ഇതാണു സ്ഥിതി. ഡൽഹിയിൽ നിന്ന് പരിശോധനയ്ക്ക് ആളുകൾ വരുമ്പോൾ ധൃതിപിടിച്ച് പലേടത്തു നിന്നും അദ്ധ്യാപകരെ എത്തിക്കുകയാണു പതിവ്. ഇരുട്ടുകൊണ്ടുള്ള ഈ ഓട്ടയടയ്ക്കൽ സമ്പ്രദായത്തിനെതിരെ മെഡിക്കൽ കൗൺസിൽ നിലപാടെടുത്തതോടെ സമീപകാലത്ത് കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. പൂർണമായും ഇല്ലാതായിട്ടില്ല.
ഇടുക്കി മെഡിക്കൽ കോളേജിൽ മെഡിക്കൽ കൗൺസിൽ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കാൻ ധാരാളം സമയം ലഭിച്ചതാണ്. സർക്കാർ കാര്യം മുറപോലെയായതുകൊണ്ടു മാത്രമാണ് ഒന്നിനും ഒരു നീക്കുപോക്കില്ലാതായിപ്പോയത്. അക്ഷന്തവ്യമായ ഈ അനാസ്ഥ മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എത്രയോ കുട്ടികളുടെ സ്വപ്നമാണ് തകർക്കുന്നത്. ചുമതലപ്പെട്ടവരാരും അവരുടെ ദുഃഖവും ഇച്ഛാഭംഗവും അറിയുന്നില്ല.