kadavoor

തിരുവനന്തപുരം: 1995 ഒക്ടോബർ 11. നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. ഗുരുദേവന്റെ മഹാസമാധി കുടികൊള്ളുന്ന ശിവഗിരിയിലെ ഉപവാസപ്പന്തലിലും പരിസരങ്ങളിലും ഭക്തജനക്കൂട്ടം. കഴിഞ്ഞ രണ്ട് നാളായി ഉപവാസമനുഷ്ഠിച്ചും ഉറക്കമിളച്ച് പ്രാർത്ഥനകൾ ചൊല്ലിയും പലരും അവശരായിരുന്നു. അവർക്ക് ആത്മീയ ഉത്തേജനം പകർന്ന് ശിവഗിരിയിലെ സ്വാമിമാരും ഒപ്പമുണ്ട

ആ അരണ്ട വെളിച്ചത്

തിൽ പരിപാവനമായ ശിവഗിരിയുടെ മണ്ണിലേക്ക് ഇരച്ചുകയറിയ പൊലീസിന്റെ ദ്രുതകർമ്മ സേന ലാത്തികളുമായി ഉപവാസപ്പന്തലിലേക്ക് കുതിച്ചു. സന്യാസിമാരെന്നോ ഭക്തരെന്നോ ഭേദമില്ലാതെ കണ്ണിൽ കണ്ടവരെയെല്ലാം തല്ലിച്ചതച്ചു. അടി കൊണ്ട് പരക്കം പാഞ്ഞവരെ ഒാടിച്ചിട്ട് തല്ലി. രണ്ട് മണിക്കൂറോളം നീണ്ട നരനായാട്ടിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന സ്വാമി പവിത്രാനന്ദ ഉൾപ്പെടെ ഇരുപതിൽപ്പരം സന്യാസിമാർക്കും വയോവൃദ്ധരും സ്ത്രീകളും ഉൾപ്പെടെ ഇരുനൂറോളം ഭക്തർക്കും സാരമായ പരിക്കേറ്റു. ലാത്തിയടിയേറ്റ് പലരുടെയും തല പൊട്ടി. പുറം പൊളിഞ്ഞു.

ഗുരുദേവ കീർത്തനങ്ങൾ അലയടിക്കേണ്ട ശിവഗിരിക്കുന്നുകളിൽ മുഴങ്ങിയത് പൊലീസിന്റെ ആക്രോശങ്ങളും നിലവിളികളും. പരിക്കേറ്റവരെ പൊലീസ് ജീപ്പുകളിൽ ആശുപത്രികളിലേക്ക് മാറ്രിത്തുടങ്ങി.

പൊലീസ് നായാട്ടിന്റെ വാർത്ത പുറത്ത് കാട്ടുതീ പോലെ പരക്കുന്നതിനിടെ, ശിവഗിരിയുടെ മൈതാനത്ത് ഒരു മന്ത്രിയുടെ കാറെത്തി. കാറിൽ നിന്നിറങ്ങിയ മന്ത്രി ദുഃഖവും വിഷാദവും നിഴലിക്കുന്ന മുഖവുമായി മഹാസമാധിക്ക് മുന്നിലെത്തി നമസ്കരിച്ച ശേഷം സ്വാമി ശാശ്വതികാനന്ദയുടെ മുറിയിൽ കയറി. ആകെ വിഷണ്ണനായി മുഖം കുനിച്ചിരിക്കുന്ന സ്വാമിയുടെ കൈകൾ കൂട്ടിപ്പിടിച്ച് കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാനെത്തിയ മന്ത്രിയെ തിരിച്ച് ആശ്വസിപ്പിക്കേണ്ട സ്ഥിതി. അതാണ് കടവൂർ ശിവദാസൻ ... അര നൂറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിൽ കറ പുരളാത്ത പച്ച മനുഷ്യൻ..

"ശിവഗിരിയിൽ പൊലീസിനെ കയറ്റരുതെന്ന് ഞാൻ പല തവണ പറഞ്ഞതാണ്..കേട്ടില്ല... ഇതിന് ഗുരുവിന്റെ ശാപം ഏൽക്കേണ്ടി വരും."- താൻ കൂടി മന്ത്രിയായ ആന്റണി സർക്കാരിന്റെ നിർദ്ദേശ പ്രകാരം പൊലീസ് കാട്ടിയ കൊടുംപാതകത്തിലുള്ള ദുഃഖവും രോഷവുമെല്ലാം ആ വാക്കുകളിലും ചുടുകണ്ണീരിലും തെളിഞ്ഞു.

ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണം സംബന്ധിച്ച് ഇരു വിഭാഗം സന്യാസിമാർ തമ്മിലുള്ള തർക്കത്തിൽ ഒരു വിഭാഗത്തിന് അനുകൂലമായി ഉണ്ടായ കോടതി വിധി നടപ്പാക്കുന്നതിനെച്ചൊല്ലി ശിവഗിരിയിൽ സംഘർഷ സ്ഥിതി രൂപപ്പെട്ടിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാൻ കടവൂർ ഉൾപ്പെടെ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. തുടർന്ന്, മോഹൻ ശങ്കറുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ശിവഗിരിയിൽ പന്തൽ കെട്ടി ഉപവാസ പ്രാർത്ഥനാ യജ്ഞം നടത്തുന്നതിനിടെയായിരുന്നു പൊലീസിന്റെ കടുംകൈ.

ലാത്തിച്ചാർജിൽ സാരമായി പരിക്കേറ്റ സ്വാമി പവിത്രാനന്ദയും സ്വാമി സൂക്ഷ്മാനന്ദയും ഉൾപ്പെടെയുള്ള സന്യാസിമാരെയും എസ്.എൻ.ഡി..പി യോഗം കൗൺസിലർ കെ.എ. ബാഹുലേയൻ ഉൾപ്പെടെയുള്ള ഭക്തജനങ്ങളെയും ആശുപത്രികളിലെത്തി കണ്ട് ശിവഗിരിയിൽ തിരിച്ചെത്തിയ കടവൂരിന്റെ മുഖഭാവം എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു. നേരെ പോയത് സ്വാമി ശാശ്വതികാനന്ദയുടെ അടുത്തേക്ക്... "ഇനിയും മന്ത്രിയായി തുടരാൻ എനിക്കാവില്ല...ഞാൻ രാജി വയ്ക്കാൻ പോകുന്നു"- കടവൂർ സൂചിപ്പിച്ചു.

അപകടം മണത്ത സ്വാമി ശാശ്വതികാനന്ദ പിന്തിരിപ്പിച്ചു.. "ഇപ്പോൾ രാജിയല്ല വേണ്ടത്. ശിവഗിരിയിലെ അനിഷ്ടങ്ങൾക്ക് പരിഹാരം വേണം. സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തി സർക്കാരിനെ തിരുത്തണം. അതിന് ശിവദാസൻ മന്ത്രിസഭയിൽ ഉണ്ടാവണം "- ആ ഉപദേശം ശിരസാ വഹിച്ച കടവൂരിന് ഇത് തുടർ നടപടികൾക്കും പ്രേരകമായി..