ചിറയിൻകീഴ്: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കൂന്തള്ളൂർ വൈദ്യന്റെമുക്ക് ഇലഞ്ഞിക്കോട് വീട്ടിൽ ആട്ടോ ജയൻ (38) എന്ന ജയനെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി അറുപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. കുറേ നാളുകളായി ഒളിവിലായിരുന്നു. കൊല്ലം ജില്ലയിലെ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ ജോസഫ് സഹായൻ വധക്കേസിലെ മൂന്നാം പ്രതിയാണ്. ഈ കേസിൽ ഹാജരാകാത്തതിനെത്തുടർന്ന് കൊല്ലം ജില്ലാ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് വിവിധ കേസുകളിലും വാറണ്ടുകൾ ഉണ്ട്. പ്രതിക്കെതിരെ കരുതൽ തടങ്കൽ നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഫേമസ് വർഗീസ്, സി.ഐ വിവിൻകുമാർ .യു.പി, എസ്.ഐ ഡി.സജീവ്, ജി.എസ്.ഐ ബാബു, എ.എസ്.ഐ ശിവപ്രസാദ്, സി.പി.ഒ മാരായ ഹാരിത്ത്, ബൈജു, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡു ചെയ്തു.
അടിക്കുറിപ്പ്: ആട്ടോ ജയൻ എന്ന ജയൻ