സദാചാര പൊലീസിന്റെ ആക്രമണങ്ങൾ കേരളീയ സമൂഹത്തിൽ വളരെപ്പെട്ടെന്ന് ആഴത്തിൽ വേരോടിയതാണ്. ഉത്തരേന്ത്യയിൽ നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയപ്പോൾ ആ സദാചാര ആക്രമണങ്ങൾ കാരണം ജീവിതം നശിച്ചവർ അനവധി. ആണും പെണ്ണും ബീച്ചിലോ, പാർക്കിലോ മറ്റെവിടെയെങ്കിലുമോ ഒരുന്നിച്ചിരുന്നാൽ സദാചാരവാദികളുടെ ആക്രമണം ഉറപ്പാണ്. അത്തരം ആക്രമണങ്ങൾ നിരന്തരം നടക്കുന്ന സമൂഹത്തിലേക്ക് തിരിച്ചുപിടിക്കുന്ന കണ്ണാടിയാകുകയാണ് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക് എന്ന സിനിമ.
പ്രണയമല്ല ഇഷ്ക്
കേലവം സെൻസിനെ ഉത്തേജിപ്പിക്കുന്ന പ്രണയമോ കണ്ടുമറന്ന പ്രണയകഥയോ അല്ല ഇഷ്കിലേത്. കൊച്ചി ഇൻഫോപാർക്കിൽ ഐ.ടി കമ്പനി ജീവനക്കാരനായ സച്ചിദാനന്ദ്, കാമുകി വസുധ എന്നിവരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രയാണം. ഇരുവരും കാറിൽ ഒരു യാത്ര പോകുന്നതും രാത്രി അവർക്ക് സദാചാര പൊലീസുകാരിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആദ്യ പകുതിയുടെ ആദ്യ 30 മിനിട്ട് അമ്മയും സഹോദരിയുമടങ്ങുന്ന സച്ചിയുടെ സന്തോഷകരമായ ജീവിതത്തെ അനാവരണം ചെയ്യുമ്പോൾ പിന്നീടുള്ളത് സച്ചിയും കാമുകി വസുധയും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ചാണ്. ഓരോ മിനിട്ടിലും ത്രില്ലിംഗ് സ്വാഭാവം നിലനിറുത്തി മുന്നോട്ട് പോകുന്ന സിനിമ ക്ളൈമാക്സിൽ വീണ്ടും ഒന്നുകൂടി ഞെട്ടിക്കും.
പരമ്പരാഗത പ്രണയ സിനിമാ സങ്കൽപങ്ങളുടെ പൊളിച്ചെഴുത്ത് കൂടിയാണ് ഈ സിനിമ. സദാചാര ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് യൂ ട്യൂബിലും മറ്റും ഹ്രസ്വചിത്രങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്രയും ശക്തമായും അതിലേറെ അതേനാണയത്തിൽ തിരിച്ചടി നൽകുന്ന പ്രമേയവുമായി ഒരു ഹ്രസ്വചിത്രവും ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. പത്തോ പന്ത്രണ്ടോ മിനിട്ടിൽ ഒനിന്ന് ഇത്തരമൊരു പ്രമേയത്തെ ബിഗ് സ്ക്രീനിലേക്ക് പറിച്ചു നട്ടപ്പോൾ അത് കേവലമൊരു പ്രണയകഥ മാത്രമായി ഒതുങ്ങാതിരിക്കുന്നതിൽ സംവിധായകൻ അതീവശ്രദ്ധ പുലർത്തിയിരിക്കുന്നു. സദാചാരവാദികളുടെ ചെകിടടച്ചുള്ള മറുപടി എങ്ങനെ ആയിരിക്കണമെന്ന് സിനിമ കാണിച്ചുതരുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
കണ്ണാടിയിയിൽ പതിയുന്ന മനോഹരമായ പ്രതിബിംബകളുണ്ട് രതീഷ് രവിയുടെ തിരക്കഥയിൽ. വക്കുപൊട്ടിയ ജീവിതത്തിന്റെ നേർക്കാഴ്ചകളുണ്ട്, ചില്ലുടഞ്ഞ കണ്ണാടിയിൽ പ്രതിഫലിക്കുന്ന പെണ്ണിന്റെ തകർന്ന മനസും ചിലപ്പോഴെങ്കിലും തീർത്തും നിസഹായനായി പോകുന്ന ആണിനേയും നിങ്ങൾക്കിവിടെ കാണാം. ഇതെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ഓരോരുത്തരുടേയും ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നമുക്കോ നമ്മുടെ ഉറ്റവർക്കോ ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം വേദനിക്കുന്ന മാനസികാവസ്ഥയെ എത്രത്തോളം നമ്മൾ ഭയപ്പെടേണ്ടിയിരിക്കുന്നുവെന്ന് സിനിമ വിളിച്ചുപറയുന്നു. കണ്ണിന് കണ്ണ്, പല്ലിന് പല്ല എന്ന നയം നടപ്പാക്കുകയാണ് വേണ്ടതെന്നാണോ സിനിമ പറഞ്ഞുവയ്ക്കുന്നതെന്ന ചോദ്യം ഉയർത്തുന്നവർക്കുള്ള മറുപടി സിനിമയിൽ സച്ചി പറയുന്ന ഒരു ഡയലോഗാണ്, 'മിനിമം ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ'.
സച്ചിയായി എത്തുന്ന ഷെയ്ൻ നിഗം വീണ്ടുമൊരിക്കൽ കൂടി നിഷ്കളങ്ക പ്രണയത്തിന്റെ പ്രതീകമായി മാറി പ്രേക്ഷകരുടെ മനസിൽ ഇടം നേടുകയാണ്. റിയലിസ്റ്റിക്കായി കഥാപാത്രത്തെ സമീപിക്കുന്ന ഷെയ്നിന്റെ അഭിനയരീതിയെ കൈയടി അർഹിക്കുന്നു. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്ന ഷൈൻ ടോം ചാക്കോ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ്. ഇത്തരം വേഷങ്ങളിൽ നല്ല റേഞ്ചുള്ള നടനാണ് താനെന്ന് ഷൈനിന്റെ ശരീരഭാഷ വെളിവാക്കുന്നുണ്ട്. നായികായി എത്തുന്ന ആൻ ശീതളും തന്റെ ജോലി ഭംഗിയാക്കി. ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, മാലാ പാർവതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. പശ്ചാത്തല സംഗീതം സിനിമയിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ജേക്ക്സ് ബിജോയുടെ സംഗീതത്തിൽ സിദ്ദ് ശ്രീറാം പാടിയ 'പറയുവാൻ ഇതാദ്യമായി…' എന്നു തുടങ്ങുന്ന ഗാനവും സിനിമയ്ക്ക് ചേരുന്നതാണ്. ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വാൽക്കഷണം: മിനിമമല്ല, മാക്സിമമാണിത്
റേറ്റിംഗ്: 3