തിരുവനന്തപുരം: അന്യാധീനപ്പെട്ടു കഴിഞ്ഞിരുന്ന അസംഘടിത തൊഴിലാളികൾക്ക് വേണ്ടി ആദ്യമായി ശബ്ദിച്ച രാഷ്ട്രീയ നേതാവ്, അവർക്ക് വേണ്ടി ഇന്ത്യയിൽ തന്നെ ആദ്യമായി ക്ഷേമനിധി രൂപീകരിക്കാൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ച് നിയമമാക്കിയ മന്ത്രി-അദ്ധ്വാനവർഗത്തോടുള്ള കടവൂർ ശിവദാസന്റെ കരുതൽ ഇതൊക്കെയായിരുന്നു.

1987-91ൽ തൊഴിൽ മന്ത്രിയുടെ ചുമതല വഹിക്കുമ്പോഴാണ് ജനീവയിൽ ഇന്റർനാഷണൽ ലേബർ ഒർഗനൈസേഷൻ (ഐ.എൽ.ഒ) സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അവിടെ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സമയത്താണ് അസംഘടിത തൊഴിലാളികൾക്ക് വേണ്ടി ഒരു ക്ഷേമനിധി എന്ന ആശയം രൂപപ്പെട്ടത്. എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് കരുതലുണ്ടാവണം എന്നതായിരുന്നു കടവൂരിന്റെ പക്ഷം. എല്ലാ വിഷയങ്ങളെക്കുറിച്ചും അസാധാരണമായ അറിവും ധാരണയും ഉണ്ടായിരുന്ന അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു കടവൂർ.

നിയമസഭയിലും പുറത്തുള്ള പൊതുപരിപാടികളിലും ഏറ്റവും ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. വേദവും ഉപനിഷത്തുമെല്ലാം കൂട്ടുപിടിച്ചുള്ള പ്രസംഗങ്ങളിൽ ആനുകാലിക വിഷയങ്ങളുടെ സമഗ്രമായ അവതരണം കാതലായി നിൽക്കും. നിയമ രംഗത്തോടുള്ള അദമ്യമായ ഇഷ്ടവും എപ്പോഴും മനസിൽ സൂക്ഷിച്ചിരുന്നു. നിയമസഭാ സാമാജികനല്

ലാതിരുന്ന ഇടവേളകളിലും കൊല്ലത്തെ കോടതിയിൽ അദ്ദേഹത്തിന്റെ സാമീപ്യമുണ്ടായിരുന്നു. അടുത്തിടപഴകുന്നവർ 'ശിവദാസൻ വക്കീലെ'ന്ന് നീട്ടി വിളിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

വനം, ആരോഗ്യം, തൊഴിൽ, എക്സൈസ്, വൈദ്യുതി തുടങ്ങി പ്രധാന വകുപ്പുകളെല്ലാം സമർത്ഥമായി കൈകാര്യം ചെയ്യാൻ സാധിച്ച കടവൂരാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വണ്ടാനത്തെ വിശാലമായ കോമ്പൗണ്ടിലേക്ക് മാറ്റാനുള്ള നാന്ദികുറിച്ചത്. വലിയ എതിർപ്പാണ് അന്നുണ്ടായത്. പക്ഷേ, കടവൂരിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അത് വിലപ്പോയില്ല.

അന്തരിച്ച ചലച്ചിത്ര സംവിധായകൻ കുഞ്ചാക്കോയുടെ നേതൃത്വത്തിൽ പാതിരപ്പള്ളിയിൽ തുടങ്ങി, പിൽക്കാലത്ത് സൊമാനി ഗ്രൂപ്പിന് കൈമാറിയ എക്സൽ ഗ്ളാസ് എന്ന സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണി നേരിട്ടപ്പോൾ പ്രതിസന്ധി ഒഴിവാക്കാൻ കടവൂർ കാട്ടിയ ആർജ്ജവം അന്ന് എം.എൽ.എ ആയിരുന്ന ഡി. സുഗതൻ ഓർക്കുന്നു, 'അദ്ദേഹത്തെ കാര്യങ്ങളുടെ ഗൗരവം ധരിപ്പിച്ചു, സന്ദർഭത്തിനൊത്ത് അദ്ദേഹം കരുക്കൾ നീക്കി'.