kerala-

തിരുവനന്തപുരം: പരവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭിക്ഷാടനം നടത്തുന്ന യുവാവിന്റെയും യുവതിയുടെയും കൈയിൽ നിന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ശരണബാല്യം ടീം രക്ഷിച്ചു. യുവതിയെയും കുഞ്ഞിനെയും കൊല്ലം കരിക്കോട് മഹിളാ മന്ദിരത്തിലേക്ക് മാറ്രി. പോത്തൻകോട് സ്വദേശിനിയും (40)​ കോട്ടയം വാഗമൺ സ്വദേശിയായ വേലുവും (42)​ കുഞ്ഞിനെയും കൊണ്ട് രണ്ടാഴ്ചയോളമായി വർക്കല, പരവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭിക്ഷാടനം നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസർ യാത്രയ്ക്കിടെ ഇക്കാര്യം തിരിച്ചറിഞ്ഞത്. തുടർന്ന് ചൈൽഡ് റെസ്‌ക്യൂ ഓഫീസറായ അജീഷിനെ വിവരമറിയിച്ചു. രാത്രി എട്ടോടെ അജീഷ് ഇവരുടെ അടുത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

വേലു ഭർത്താവല്ലെന്നും കുട്ടിയുടെ അച്ഛനല്ലെന്നും യുവതി അജീഷിനോട് വ്യക്തമാക്കി. ഒമ്പത് മാസം മുമ്പാണ് വേലു യുവതിക്കൊപ്പം കൂടിയത്. ചെയർമാന്റെ നിർദ്ദേശ പ്രകാരം പൊലീസിന്റെ സഹായത്തോടെ കുട്ടിയെയും അമ്മയെയും മഹിളാ മന്ദിരത്തിലെത്തിച്ചു. യുവാവിന്റെ മൊഴിയെടുത്ത ശേഷം യുവതിയുടെ ബന്ധുക്കളെക്കൂട്ടി വരണമെന്ന് പറഞ്ഞ് വിട്ടയച്ചു.

രണ്ടുമാസം മുമ്പ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. വീടില്ലാത്തതിനാൽ ബീമാപള്ളിയിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. വാടക വീട് ഒഴിഞ്ഞതോടെയാണ് റെയിൽവേ സ്റ്റേഷനിൽ താമസം തുടങ്ങിയത്. കുഞ്ഞ് യുവതിയുടേതാണോ എന്നും വളർത്തുന്നതിന് അവർക്ക് ശേഷിയുണ്ടെന്നും കണ്ടെത്തണം. അല്ലെങ്കിൽ കുഞ്ഞിനെ അംഗീകൃത ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടിയെടുക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അറിയിച്ചു.