എ.കെ. ആന്റണിയുടെയും കെ.എം. മാണിയുടെയും പിന്തുണയോടെ 1980ൽ കേരളം ഭരിച്ച ഇ.കെ. നായനാർ മന്ത്രിസഭ അസ്തമിച്ചത് ആന്റണിയും മാണിയും ഇടതിനുള്ള പിന്തുണ പിൻവലിച്ചതോടെയായിരുന്നു. അങ്ങനെ 1981 ഡിസംബറിൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ എട്ടംഗ മന്ത്രിസഭ നിലവിൽ വന്നു. കേവലം മൂന്ന് മാസം മാത്രം നീണ്ട ആ മന്ത്രിസഭയുടെ നിലനില്പ് സ്പീക്കറായിരുന്ന എ.സി. ജോസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തിൽ. ആ കാസ്റ്റിംഗ് മന്ത്രിസഭയിൽ കെ. കരുണാകരൻ ഒപ്പം കൂട്ടിയതായിരുന്നു ആർ.എസ്.പിയിലെ സോഷ്യലിസ്റ്റ് വിഭാഗക്കാരനായിരുന്ന കടവൂർ ശിവദാസനെ.

ആ മന്ത്രിസഭയുടെ പതനത്തിന് ശേഷം ആർ.എസ്.പി-എസ് വിട്ട് കടവൂർ ശിവദാസൻ കോൺഗ്രസുകാരനായി. അന്നുതൊട്ട് കരുണാകരന്റെ ഏറ്റവും വിശ്വസ്തനായിരുന്നു കടവൂർ. ഇടക്കാലത്ത്, കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസുമായി ലീഡർ പോയപ്പോൾ കടവൂർ കൂടെ പോയില്ലെന്നത് കൊണ്ട് അവർക്കിടയിലെ ഇഴയടുപ്പം മുറിഞ്ഞില്ല.

കരുണാകരനും ആന്റണിയും ഒരുപോലെ വിശ്വാസമർപ്പിച്ച സഹപ്രവർത്തകനായിരുന്നു കടവൂർ. 1982ലെ കാസ്റ്റിംഗ് മന്ത്രിസഭയിലും പിന്നീട് കരുണാകരന്റെ തന്നെ നേതൃത്വത്തിൽ 82ൽ വന്ന മന്ത്രിസഭയിലും അംഗമായ കടവൂർ 95ലും 2001ലും ആന്റണി മന്ത്രിസഭയിലും അംഗമായി.

2001ൽ ആന്റണി മന്ത്രിസഭ അധികാരമേറ്റ സമയം. അന്ന് ഐ ഗ്രൂപ്പ് മന്ത്രിമാരിൽ പ്രമുഖനായിരുന്നു വൈദ്യുതി വകുപ്പിന്റെ ചുമതല വഹിച്ച കടവൂർ. മന്ത്രിസഭ അധികാരമേൽക്കുമ്പോൾ തന്നെ തെന്നല ബാലകൃഷ്ണപിള്ളയെ മാറ്റി കെ. മുരളീധരനെ കെ.പി.സി.സി പ്രസിഡന്റായി അവരോധിച്ചത് ഗ്രൂപ്പ് പോരിൽ താളം തെറ്രാതെ കാര്യങ്ങൾ രമ്യമായി നീങ്ങണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാൽ, മന്ത്രിസഭ അധികാരമേറ്റ് അധികം വൈകാതെ എ- ഐ പോര് ശക്തി പ്രാപിച്ചു. ഐ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്ന ലീഡറുടെ ജവഹർനഗറിലെ വസതിയായ അറഫത്ത് തലസ്ഥാനത്തെ പ്രധാന വാർത്താകേന്ദ്രമായി.

2003ൽ മുരളീധരന്റെ മന്ത്രിസഭാ പ്രവേശനത്തിനായി ഐ ഗ്രൂപ്പ് മന്ത്രിയായിരുന്ന പി. ശങ്കരൻ മാറി. കടവൂരിൽ നിന്ന് വൈദ്യുതി വകുപ്പെടുത്ത് മുരളിക്ക് നൽകി. പകരം ശങ്കരന്റെ ആരോഗ്യവകുപ്പ് കടവൂരിനും. 2004ൽ വടക്കാഞ്ചേരിയിൽ മുരളീധരൻ പരാജയപ്പെട്ടതോടെ പോര് മൂർദ്ധന്യത്തിലെത്തി. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കൊടുവിൽ ആന്റണി മാറി ഉമ്മൻചാണ്ടി മന്ത്രിസഭ വന്നപ്പോൾ കടവൂർ ഒഴിഞ്ഞു.

ലീഡറുടെ വിശ്വസ്തനായിട്ടും അദ്ദേഹം കോൺഗ്രസ് വിട്ട് പോയപ്പോൾ കൂടെ പോകാൻ കടവൂർ വിസമ്മതിച്ചത് നിലപാടുകളിലെ കാർക്കശ്യത്തിന് ഉദാഹരണമായാണ് കെ.പി.സി.സി ജനറൽസെക്രട്ടറിയും കടവൂർ വൈദ്യുതി മന്ത്രിയായപ്പോൾ കെ.എസ്.ഇ.ബി അംഗവുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണൻ പറയുന്നത്. രാഷ്ട്രീയത്തിൽ പൊതുവെയുള്ള അലസത പ്രകടിപ്പിക്കാത്തയാളും ഏത് വിഷയത്തിലും ആധികാരികമായ അഭിപ്രായം പ്രകടിപ്പിക്കുന്നയാളും മാന്യവ്യക്തിയുമായിരുന്നു കടവൂരെന്ന് 91ൽ അദ്ദേഹത്തോടൊപ്പം മന്ത്രിയായിരുന്ന പന്തളം സുധാകരൻ ഓർമ്മിച്ചു.