റീപോളിംഗ് കണ്ണൂരിൽ രണ്ടും കാസർകോട്ട് ഒന്നും ബൂത്തുകളിൽ
കള്ളവോട്ടിന്റെ പേരിൽ മൊത്തം 7 ബൂത്തുകളിൽ റീപോളിംഗ്
തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി തെളിഞ്ഞ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ രണ്ടും കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ ഒന്നും ബൂത്തുകളിൽ കൂടി നാളെ റീപോളിംഗ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇതോടെ ഈ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്ന ഏഴ് ബൂത്തുകളിലാണ് നാളെ റീപോളിംഗ് നടത്തുക. നാല് ബൂത്തുകളിലെ റീപോളിംഗ് വ്യാഴാഴ്‌ച തീരുമാനിച്ചിരുന്നു.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു.
കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ബൂത്ത് 52 - കുന്നിരിക്ക യു.പി.എസ് വേങ്ങാട് നോർത്ത്, ബൂത്ത് 53 - കുന്നിരിക്ക യു.പി.എസ് വേങ്ങാട് സൗത്ത്, കാസർകോട്ട് തൃക്കരിപ്പൂർ മണ്ഡലത്തിൽ ബൂത്ത് 48- കൂളിയോട് ജി.എച്ച്.എസ് ന്യൂബിൽഡിംഗ് എന്നിവിടങ്ങളിലെ റീപോളിംഗാണ് ഇന്നലെ തീരുമാനിച്ചത്.
കാസർകോട്ട് കല്യാശേരിയിലെ ബൂത്ത് 19- പിലാത്തറ, ബൂത്ത് 69 - പുതിയങ്ങാടി ജമാഅത്ത് എച്ച്.എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് 70 - ജമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക്, കണ്ണൂർ തളിപ്പറമ്പ് ബൂത്ത് 166 - പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് എന്നിവിടങ്ങളിലാണ് ആദ്യം റീപോളിംഗ് തീരുമാനിച്ചത്.
കള്ളവോട്ടിൽ പിടിക്കപ്പെട്ടവർക്കെല്ലാം എതിരെ ആൾമാറാട്ട കുറ്റത്തിന് ക്രിമിനൽ നടപടിക്രമം171 അനുസരിച്ചും കള്ളവോട്ട് നടന്ന ബൂത്തുകളിലെ പോളിംഗ് ഒാഫീസർമാർക്കെതിരെ ജനപ്രാതിനിദ്ധ്യ നിയമം 134 അനുസരിച്ചും നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കള്ളവോട്ടിന്റെ പേരിൽ വോട്ടെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.