bus

നെയ്യാറ്റിൻകര : കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ എല്ലാ ബസുകളും ചെയിൻ സർവീസുകളാക്കിയതോടെ മിനിമം വരുമാനം 12 ലക്ഷം രൂപയായി. പാലക്കാട്ടേക്കും തൃശ്ശൂരിലേക്കും ഡിപ്പോയിൽ നിന്ന്‌ സൂപ്പർ ഫാസ്റ്റ് ബസ് സർവീസും തുടങ്ങി. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി എന്നിവ ഉൾപ്പെടെ എല്ലാ സർവീസുകളും ചെയിൻ സർവീസാക്കി. ജില്ലയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനമുള്ളത് നെയ്യാറ്റിൻകര ഡിപ്പോയിലാണ്. നേരത്തെ മഞ്ചവിളാകം, പൊഴിയൂർ, വെള്ളറട റൂട്ടുകളിൽ ചെയിൻ സർവീസ് പരീക്ഷിച്ച് വിജയിച്ചതോടെയാണ് എല്ലാ റൂട്ടുകളിലും ചെയിൻ സർവീസാക്കാൻ കാരണം. പല ചെയിൻ സർവീസുകളും തിരുവനന്തപുരവുമായി ബന്ധപ്പെടുത്തിയാണ് സർവീസ് നടത്തുന്നത്. ഇതാണ് വരുമാനം വലിയതോതിൽ വർദ്ധിക്കാൻ കാരണം. ഡിപ്പോയിൽ 115 ബസാണുള്ളത്. ഇതിൽ ഏഴ് സൂപ്പർ ഫാസ്റ്റും 11 ഫാസ്റ്റും 79 ഓർഡിനറിയും 11 ജെൻറം സർവീസുകളുമാണ്. ഇതിൽ ഒരുദിവസം ശരാശരി 92 ബസുകൾ സർവീസ് നടത്താനായി ലഭിക്കും. പുതുതായി അനുവദിച്ച രണ്ട് സൂപ്പർ ഫാസ്റ്റുകൾ തൃശ്ശൂരിലേക്കും പാലക്കാട്ടേക്കും സർവീസ് നടത്തും. തൃശ്ശൂർ സർവീസ് എല്ലാ ദിവസവും രാവിലെ ഒൻപതരയ്ക്കും പാലക്കാട്ടേക്ക്‌ ഉച്ചയ്ക്ക് ഒന്നരയ്ക്കുമാണ് സർവീസ് നടത്തുന്നതെന്ന് എ.ടി.ഒ. സജീവ് പറഞ്ഞു. രാവിലെ 3.15ന് എറണാകുളത്തേക്കും 4.45ന് ഗുരുവായൂരിലേക്കും 6.45ന് കോഴിക്കോട്ടേക്കും സൂപ്പർ ഫാസ്റ്റ് സർവീസ് ഉണ്ട്. വരുമാനം വർദ്ധിപ്പിക്കാൻ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും കൗൺസിലിംഗ് നൽകുന്നുണ്ട്.