തിരുവനന്തപുരം: പഴുത്ത് തുടുത്ത മാമ്പഴം കാണുമ്പോഴേ ചാടിവീണ് തിന്നാൻ വരട്ടെ. അല്പം ജാഗ്രത ആരോഗ്യത്തിന് രക്ഷയാകും. മാമ്പഴം പഴുപ്പിക്കാൻ കാത്സ്യം കാർബൈഡും എഥിലിനും പ്രയോഗിക്കുന്നത് വീണ്ടും വ്യാപകമാകുകയാണ്. കൊല്ലത്ത് നിന്നടക്കം ഈ വിഷരാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച ടൺകണക്കിന് മാമ്പഴമാണ് സമീപദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് വിഷമാമ്പഴത്തിൽ ഏറിയ പങ്കും എത്തുന്നത്. കിലോയ്ക്ക് 40 രൂപ മുതൽ വിപണിയിൽ മാമ്പഴം ലഭിക്കും. അധിക വിളവ് ലഭിക്കുന്ന സമയത്ത് പാകമാവാത്ത മാങ്ങ ചെറിയ വിലയ്ക്ക് സംഭരിക്കുന്ന വൻകിട വ്യാപാരികൾ ഇവ പഴുപ്പിക്കുന്നതിനാണ് രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. അതിർത്തി കടന്ന് എത്തുന്ന ഇവ ചെക്ക്പോസ്റ്റുകളിൽ വേണ്ട രീതിയിൽ പരിശോധിക്കാറില്ല. വിളയാത്ത മാങ്ങ കേരളത്തിനകത്തും ഈ വിഷപദാർത്ഥങ്ങൾ ഉപയോഗിച്ച് പഴുപ്പിക്കുന്നുണ്ട്.
1954ലെ മായം ചേർക്കൽ നിയമപ്രകാരം നിരോധിച്ചതിനാൽ ഇന്ത്യയിൽ പഴങ്ങളിൽ കാർബൈഡ് പ്രയോഗം നടത്തുന്നത് ക്രിമിനൽ കുറ്റമാണ്. നീറ്റുകക്കയും കരിയും ചേർന്ന മിശ്രിതം ഇലക്ട്രിക് ആർക് ചൂളയിൽ രാസപ്രവർത്തനം നടത്തിയാണ് കാർബൈഡിന്റെ ഉത്പാദനം. മാങ്ങ നിറച്ച പെട്ടികളിൽ കാത്സ്യം കാർബൈഡ് കടലാസ് പൊതികളിലാക്കി വച്ചാൽ പോലും പച്ചമാങ്ങ മണിക്കൂറുകൾക്കകം മാമ്പഴമായി മാറും. എന്നാൽ മുറിക്കുള്ളിൽ കൂട്ടിയിട്ട മാങ്ങയിൽ വൻതോതിൽ കാർബൈഡ് പൊടി വിതറുകയോ കാർബൈഡ് ലായനി സ്പ്രേ ചെയ്യുകയോ ആണ് ചെയ്യുന്നത്. ഒരു ടൺ മാങ്ങ പഴുപ്പിക്കാൻ ആവശ്യമായ ഒരു കിലോഗ്രാം കാത്സ്യം കാർബൈഡിന് വില 80 രൂപ. മാമ്പഴം മുറിക്കുമ്പോൾ എല്ലായിടത്തും ഒരേ നിറമില്ലെങ്കിൽ കാർബൈഡ് പ്രയോഗം ഉറപ്പിക്കാം.
മാരക ദോഷങ്ങൾ
മാങ്ങകളിൽ സ്വയം ഉത്പാദിപ്പിക്കപ്പെടുന്ന എഥിലിൻ ആണ് മാങ്ങ പഴുപ്പിക്കുന്നത്. ഇത് കൃത്രിമമായി ഉത്പാദിപ്പിച്ച് മാങ്ങയിൽ രാസപരിണാമം വരുത്തുകയാണ് എഥിലിനും കാൽസ്യം കാർബൈഡും പ്രയോഗിക്കുക വഴി നടക്കുന്നത്. കാർബൈഡ് അമിത അളവിൽ ഉള്ളിൽ ചെന്നാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും നാഡീവ്യൂഹത്തെയും കാര്യമായി ബാധിക്കും. എഥിലിന്റെ ഉപയോഗം വയറ്റിൽ അൾസറിനും നാഡീവ്യൂഹത്തിനു തകരാറിനും കാരണമാകാം. അർബുദത്തിനും വഴിയൊരുക്കും.
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. മാമ്പഴം വാങ്ങുന്നവരും ജാഗ്രത പാലിക്കണം.
-ദിലീപ്
അസി. ഭക്ഷ്യ സുരക്ഷാ കമ്മിഷണർ