vazha

വെള്ളറട: മലയോരമേഖലയിൽ നിലവിൽ അവശേഷിക്കുന്ന പ്രധാന കൃഷികളിൽ ഒന്നാണ് വാഴക്കൃഷി. എന്നാൽ ആവശ്യമായ സർക്കാർ സഹായം ലഭിക്കാത്തത് വാഴകർഷകരേയും കടത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഹെക്ടർ കണക്കിന് സ്ഥലം കുത്തക പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കർഷകരുമാണ് പലരും. കുന്നത്തുകാൽ, ആര്യങ്കോട്, ഒറ്റശേഖരമംഗലം, വെള്ളറട, അമ്പൂരി, പഞ്ചായത്തുകളിലാണ് വ്യാപകമായ തോതിൽ വാഴ കൃഷി ചെയ്യുന്നത്. കാറ്റിലും മഴയിലും വേനലിലും വ്യാപകമായാണ് വാഴ കൃഷികൾ നശിക്കുന്നത്. ഇതിനുപുറമെ കാട്ടിൽ നിന്നും എത്തുന്ന വന്യജീവികൾ വിതയ്ക്കുന്ന നാശനഷ്ടങ്ങൾ വേറെ. കുലയ്ക്കാറായ വാഴകൾ പോലും നശിപ്പിക്കും. വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കാരണം പാട്ടത്തുക നൽകാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. പാകമാകുന്ന വാഴക്കുലകൾക്ക് നേരീയ വിലയെങ്കിലും കിട്ടാൻ തുടങ്ങിയിട്ട് അധികാലം ആയിട്ടില്ല. എന്നാൽ കർഷകർക്ക് കാര്യമായ കായ്ഫലം ലഭിക്കാറില്ലെന്നുമാത്രം.

പാട്ടത്തിനെടുത്ത ഭൂമിയിൽ കടം വാങ്ങിയും പലിശയ്ക്കെടുത്തുമാണ് മിക്ക കർഷകരും ഇവിടെ കൃഷിയിറക്കുന്നത്. എന്നാൽ കൃഷിനാശം വ്യാപകമായതോടെ മുതൽമുടക്കുപോലും ആർക്കും കിട്ടാറില്ല. പാട്ടത്തുകയും പലിശയും നൽകാൻ കഴിയാതെ കർഷകർ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ്. വളവും കൃഷിക്ക് ആവശ്യമായ സഹായവും സർക്കാരിൽ നിന്നും ലഭിച്ചാൽ മാത്രമേ ഇനി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ക‌ഴിയുകയുള്ളുവെന്ന അവസ്ഥയിലാണ് കർഷകർ. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആയിരക്കണക്കിനുരൂപ മുടക്കി കുലയക്കാറായ വാഴകൾ പോലും നശിച്ചാൽ തുശ്ചമായ നഷ്ടപരിഹാരമാണ് കർഷകന് ലഭിക്കുന്നത്. ഏത്ത വാഴയും കപ്പവാഴയും കൃഷിചെയ്യുന്ന കർഷകരാണ് കടുത്ത നഷ്ടത്തിന് ഇരയാകുന്നത്.

കൃഷി ഭവനുകൾ വഴി വാഴകർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കിയില്ലെങ്കിൽ അവശേഷിക്കുന്ന വാഴ കൃഷിപോലും നശിക്കുമെന്ന അവസ്ഥയിലാണ്. തമിഴ്നാട്ടിൽ നിന്നും കിട്ടുന്ന പഴങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാകും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇപ്പോൾ തന്നെ തമിഴ്നാട്ടിൽ നിന്നും ലോറിക്കണക്കിന് വാഴകുലകളാണ് നമ്മുടെ മാർക്കറ്റുകളിൽ എത്തുന്നത്.