may17e

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ ബസ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലേക്കും ജില്ലയ്ക്ക് പുറത്തേക്കും ഇവിടെ നിന്നും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. രണ്ടും മൂന്നും മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ഷെഡ്യൂളുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമയത്ത് ഓടിയെത്തേണ്ടി വരുന്നതിനാൽ ബസുകൾ തിരക്കു കൂട്ടുന്നത് അപകടത്തിന് കാരണമാകുന്നു. താലൂക്ക് ആസ്ഥാനമായ ആറ്റിങ്ങൽ നഗരത്തിലെത്തുന്ന‌വർ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. അതിനാൽ നിലവിലെ ബസ് സ്റ്റാൻഡ് കൂടുതൽ സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. നിരന്തരമായി ആവശ്യം ഉയർന്നതോടെയാണ് 12 വർഷം മുമ്പ് മാമത്ത് സ്റ്രാൻഡ് ആരംഭിക്കുമെന്ന പ്രഖ്യപനമുണ്ടായത്. ലക്ഷക്കണക്കിന് രൂപ മുടക്കി മാമത്ത് സ്വകാര്യ ബസ് സ്റ്റാൻഡിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ മാമത്ത് ബസ് സ്റ്റാൻഡിനായി തയ്യാറാക്കിയ ഭൂമി സംബന്ധിച്ച് ചിലർ അവകാശവാദം ഉന്നയിച്ച് കേസ് നൽകിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. കേസിൽ വിധി നഗരസഭയ്‌ക്ക് എതിരായി. എന്നാൽ ഇവിടെ സർക്കസ്, നാടകം, സമ്മേളനങ്ങൾ, ഫെസ്റ്റുകൾ,​ ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ നടത്തുന്നതിന് അധികൃതർ അനുവാദം നൽകിയിട്ടുണ്ട്.