കാട്ടാക്കട: നെയ്യാർ ഡാം തുറന്ന ജയിലിൽ മത്സ്യകൃഷി വിളവെടുപ്പ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജയിൽവളപ്പിനുള്ളിലെ അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ജലം സംഭരിക്കാനുള്ള ചെക്ക് ഡാമിൽ ആണ് മത്സ്യ കുഞ്ഞുങ്ങളെ 11 മാസം മുമ്പ് നിക്ഷേപിച്ചത്. കൃത്യമായ പരിചരണത്തിലൂടെ 3500 കിലോ മത്സ്യമാണ് വിളവെടുപ്പ് നടത്തിയത്. ഗ്രാസ്, കട്ട്ല, സിലോപിയ, സൈപ്രസ്, രോഹു തുടങ്ങിയ ഇനം മത്സ്യങ്ങളാണ് വിളവെടുത്തത്. മത്സ്യങ്ങൾ ജില്ലയിലെ 5 ജയിലുകളിലേക്ക് ആവശ്യമായ അളവിൽ എത്തിച്ചു. നെട്ടുകാൽതേരി ഉൾപ്പടെ സെൻട്രൽ ജയിൽ, ജില്ലാ ജയിൽ, സ്പെഷ്യൽ ജയിൽ, നെയ്യാറ്റിൻകര സബ് ജയിൽ എന്നിവിടങ്ങളിലേക്ക് പുറത്തു നിന്നും മത്സ്യം വാങ്ങാതെ മത്സ്യം ഇനി എത്തിക്കാനാകും. ഇതുകൂടാതെ പൊതുജനങ്ങൾക്ക് കിലോയ്ക്ക് 50 മുതൽ 150 രൂപ വരെ വില നിരക്കിൽ ജയിൽ വളപ്പിൽ തന്നെ വിപണനം നടത്തി. ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇന്റൻ ഷിപ്പിന്റെ ഭാഗമായി ലോ കോളേജ്, ലോ അക്കാദമി, കാരക്കോണം ലോ അക്കാദമി, പാലക്കാട് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നുമുള്ള 29 നിയമ വിദ്യാർത്ഥികളും വിളവെടുപ്പിൽ പങ്കാളികളായി. സെൻട്രൽ ജയിൽ സൂപ്രണ്ട് വിനോദ്, നെട്ടുകാൽത്തേരി സൂപ്രണ്ട് ബി. സുനിൽകുമാർ,ജോയിൻ സൂപ്രണ്ട് എസ്. സജീവ്,അസിസ്റ്റന്റ് സൂപ്രണ്ട് പാട്രിക്, റിജിൻ മോഹൻ, അഗ്രികൾച്ചർ ഓഫീസർ അജിത് സിംഗ്, റീജനൽ വെൽഫെയർ ഓഫീസർ സന്തോഷ്, ഫിഷറീസ് വകുപ്പുദ്യോഗസ്ഥ ബീന, കോഡിനേറ്റർ അജയകുമാർ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് അജിത, വൈസ് പ്രസിഡന്റ് ശ്യാംലാൽ തുടങ്ങിയവർ പങ്കെടുത്തു.