നെടുമങ്ങാട്: ഭർത്താവിന്റെ കൊലക്കത്തിക്ക് ഇരയായ കരകുളം മുല്ലശേരി ആനൂർ മാടവിള വീട്ടിൽ സ്‌മിതയ്‌ക്ക് നാടിന്റെ അന്ത്യാഞ്ജലി. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാവിലെ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനിലയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ മൃതദേഹം 10 ഓടെ മാടവിളയിലെത്തിച്ചു. അര മണിക്കൂറോളം ബസ് സ്റ്റോപ്പിൽ പൊതുദർശനത്തിന് വച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ മുല്ലശേരി നിവാസികൾ സ്‌മിതയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു. നാട്ടുകാർ മുൻകൈെയടുത്ത് ക്രമീകരിച്ച പൊതുദർശനത്തിൽ സ്‌മിതയുടെ ഭർത്താവ് സജീവ് കുമാറിന്റെ ബന്ധുക്കളോ മക്കളോ പങ്കെടുത്തില്ല. മക്കളായ പാർവതിയെയും (15) ഭദ്രയെയും (13) സജീവിന്റെ അമ്മ ശാന്തകുമാരിയെയും പൊലീസ് ഇടപെട്ട് വ്യാഴാഴ്ച രാത്രി പേരൂർക്കട മണ്ണാമ്മൂലയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. ശാന്തകുമാരിക്കെതിരെ നാട്ടുകാരുടെ ആക്രമണമുണ്ടാകാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വീട്ടിൽ നിന്ന് മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. സ്‌മിതയ്ക്ക് ഭർത്തൃവീട്ടിൽ നിരന്തര പീഡനം നേരിട്ടതായി ബന്ധുക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാന്തകുമാരി ഉൾപ്പെടെയുള്ളവർക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് സൂചന. സ്ഥിരം മദ്യപാനിയായ മകനെ മർദ്ദനത്തിന് പ്രേരിപ്പിച്ചിരുന്നത് ശാന്തകുമാരിയാണെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. സജീവ്കുമാർ ജോലി ചെയ്‌തുകിട്ടുന്ന പണം അമ്മയെയാണ് ഏല്പിച്ചിരുന്നതെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്.പി ബി. വിനോദിന്റെ നേതൃത്വത്തിൽ മാടവിളയിലെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാളും ഒരു കത്തിയും കണ്ടെടുത്തു. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മുതുകത്ത് കുത്തിവീഴ്‌ത്തിയ ശേഷം കൊടുവാളിന് കഴുത്തിൽ വെട്ടുകയായിരുന്നുവെന്ന് സജീവ്കുമാർ പൊലീസിനോട് വെളിപ്പെടുത്തി. അരുംകൊലയുടെ ഞെട്ടലിൽ നിന്ന് മുല്ലശേരി ഗ്രാമം ഇപ്പോഴും മോചിതമായിട്ടില്ല. റിമാൻഡ് ചെയ്‌ത സജീവ്കുമാറിനെ തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം.