വെള്ളനാട്: വെള്ളനാട് ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ നടപടികൾ നിറുത്തി. എൽ.ഡി.എഫ് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചതോടെ കാർഡ് പുതുക്കൽ പുനരാരംഭിച്ചു.
പഞ്ചായത്തിൽ വ്യാഴാഴ്ച ആരംഭിച്ച കാർഡ് പുതുക്കൽ നടപടികളാണ് ഇന്നലെ രാവിലെയോടെ നിറുത്തിവച്ചത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഉപരോധസമരത്തെ തുടർന്ന് രാവിലെ ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിക്കും ജീവനക്കാർക്കും ഓഫീസിനുള്ളിൽ കയറാനായില്ല. തുടർന്ന് സ്ഥലത്തെത്തിയ ആര്യനാട് എസ്.എച്ച്.ഒ അജയനാഥ് സമരക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഉച്ചയ്ക്ക് 12ഓടെയാണ് സെക്രട്ടറിയെ പഞ്ചായത്താഫീസിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സെക്രട്ടറി കാർഡ് പുതുക്കാമെന്ന് അറിയിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു. കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 50 രൂപയ്ക്ക് പുറമെ ഹരിതകർമ്മസേനയുടെ യൂസർ ഫീ 30 രൂപ കൂടി പഞ്ചായത്ത് അധികൃതർ വാങ്ങിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. എൽ.ഡി.എഫ് സമരത്തിന് എം. രാജേന്ദ്രൻ, വി.എസ്. ശോഭൻ കുമാർ, എസ്.എൽ.അനിൽ കുമാർ, എൽ.പി. മായാദേവി, ടി. ജോസ്, കുമാരദാസ്, ശാലിനി, ഹരിഹരൻ എന്നിവരും ബി.ജെ.പി സമരത്തിന് എം.വി. രഞ്ജിത്ത്, പ്ലാവിള അനിൽ, എസ്. മനോജ്, എം.എസ്. ദീപകുമാരി, വാളിയറ അജി തുടങ്ങിയവരും നേതൃത്വം നൽകി.