തിരുവനന്തപുരം : പഞ്ചാബിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിക്കു പോയ ഇന്ത്യാ റിസർവ് ബറ്റാലിയനിലെ നാല് പൊലീസുകാരെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട് അന്വേഷണവുമായി ബന്ധപ്പെട്ട് തിരിച്ചുവിളിച്ചു. ബറ്റാലിയൻ എ.ഡി.ജി.പിയും സേനയിലെ തിരഞ്ഞെടുപ്പ് നോഡൽ ഓഫീസറുമായ എസ്. ആനന്ദകൃഷ്ണനു മുന്നിൽ റിപ്പോർട്ട് ചെയ്യാനും ഇവരോട് നിർദ്ദേശിച്ചു. വട്ടപ്പാറ പോസ്റ്റ് ഓഫീസിൽ നിരവധി തപാൽ ബാലറ്റുകൾ ഒരുമിച്ചു വന്ന സംഭവത്തിൽ ആരോപണ വിധേയനായ മണിക്കുട്ടൻ, ഐ.ആർ ബറ്റാലിയനിലെ അരുൺ, രതീഷ്, രാജേഷ് എന്നിവരെയാണ് തിരിച്ചുവിളിച്ചത്.
പോസ്റ്റൽ വോട്ടിലെ ക്രമക്കേട് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വിശദമായ അന്വേഷണം വേണമെന്നും കൂടുതൽ സമയം അനുവദിക്കണമെന്നുമുള്ള റിപ്പോർട്ടാണ് പൊലീസ് മേധാവിക്ക് ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്നത്. പൊലീസ് മേധാവി ഇത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ച സമയത്തിനകം അദ്ദേഹത്തിന് സമർപ്പിച്ചു. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന റിപ്പോർട്ട് സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തീരുമാനമെടുത്തിട്ടില്ല. പൊലീസുകാരുടെ തപാൽ വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹർജി തിങ്കളാഴ്‌ച പരിഗണിക്കും. അതുകൊണ്ടാണ് റിപ്പോർട്ടിന്മേൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തീരുമാനമെടുക്കാത്തതെന്നാണ് സൂചന.
അന്വേഷണ റിപ്പോർട്ടിൽ ആരോപണ വിധേയരുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. റിപ്പോർട്ട് കോടതിയിൽ ഹാജരാക്കേണ്ടി വന്നാൽ പൊലീസുകാരുടെ മൊഴി കൂടി രേഖപ്പെടുത്തണം. അതിനാണ് അവരെ അടിയന്തരമായി തിരികെ വിളിച്ചതെന്നും സൂചനയുണ്ട്. പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ കമാൻഡോയായ വൈശാഖിനെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു. മറ്റുള്ളവർക്കെതിരെ അന്വേഷണം നടക്കുകയാണ്.