തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന്റെ ബാഗ് മോഷ്ടിച്ച കള്ളൻ, ഒരു പ്രയോജനവുമില്ലെന്ന് കണ്ട് ബാത്ത്റൂമിൽ ഉപേക്ഷിച്ച് തടിതപ്പി!
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഒറ്റപ്പാലത്താണ് സംഭവം. ഷൊർണൂരിൽ നിന്ന് മംഗളൂരു- ചെന്നൈ എഗ്മോർ ട്രെയിനിൽ സെക്കൻഡ് എ.സി കോച്ചിൽ പാലക്കാട്ടേക്ക് പോകാൻ കയറിയതായിരുന്നു പന്ന്യൻ. ഒറ്റപ്പാലത്തെത്തിയപ്പോൾ സീറ്റിൽ ബാഗ് വച്ച് അദ്ദേഹം ബാത്ത് റൂമിലേക്ക് പോയി. തിരിച്ചെത്തിയപ്പോൾ ബാഗിന്റെ പൊടിപോലുമില്ല. റെയിൽവേ പൊലീസിൽ ഉടൻ വിവരമറിയിച്ചു. പൊലീസ് ട്രെയിൻ അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്. ബാഗിൽ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കാണുമെന്നുറപ്പിച്ച് അടിച്ചുമാറ്റിയ കള്ളൻ സിബ് വലിച്ചു പൊട്ടിച്ച് സകല അറകളിലും തപ്പി. കിട്ടിയത് ഒരു മുഷിഞ്ഞ ഷർട്ടും അടിവസ്ത്രങ്ങളും ചില കടലാസും മാത്രം! ഉടമയെ ശപിച്ച്, ബാഗ് ബാത്ത് റൂമിൽ വലിച്ചെറിഞ്ഞ് കക്ഷി സ്ഥലംവിട്ടു.
ബാഗിൽ പണമുണ്ടായിരുന്നോ എന്ന് പൊലീസ് ചോദിച്ചപ്പോൾ പന്ന്യൻ ഇല്ലെന്ന് പറഞ്ഞതോടെയാണ് ബാത്ത്റൂമിലടക്കം പരിശോധിച്ചത്. അതിനാൽ തൊണ്ടിമുതലെങ്കിലും കിട്ടി.
'എന്നെ അറിയാത്ത കള്ളനായതു കൊണ്ടാണ് അബദ്ധം പറ്റിയത്. അയാൾ തെറി പറയുന്നുണ്ടാകും"... സംഭവത്തെപ്പറ്റി പന്ന്യന്റെ പ്രതികരണമിതാണ്.
5 രൂപ തന്ന് കള്ളന്റെ അനുഗ്രഹം;പോയി നന്നായി വാ...
1984ൽ സി.പി.ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ തലശേരി- കണ്ണൂർ ബസ് യാത്രയിൽ പന്ന്യനെ പോക്കറ്റടിച്ചു. അന്ന് പോക്കറ്റിലുണ്ടായിരുന്നത് ഒരു ചുവന്ന ഡയറിയും ഡൽഹിയിലെ പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ വച്ച് മുൻ മന്ത്രി പി.എസ്. ശ്രീനിവാസൻ വിഷുക്കൈനീട്ടമായി നൽകിയ രണ്ട് രൂപ നോട്ടുമായിരുന്നു. കള്ളൻ ഇത് കണ്ട് ക്ഷുഭിതനായി. തെണ്ടീ എന്ന് വിളിച്ച്, അയാൾ സ്വന്തം പോക്കറ്റിൽ നിന്ന് അഞ്ച് രൂപയെടുത്ത് നീട്ടി. 'പോയി നന്നാവൂ"... എന്ന് ഉപദേശവും തന്നാണ് അന്നയാൾ പോയതെന്ന് പന്ന്യൻ പറഞ്ഞു.