kifbi

തിരുവനന്തപുരം: മണിയടിച്ച് ലണ്ടൻ ഒാഹരി വിപണി തുറന്ന മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നത് വികസനത്തിന് പണം കണ്ടെത്താൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന പുതിയ സാദ്ധ്യത കൂടിയാണ്.

വായ്പയ്ക്കായി ബാങ്കുകളുടെ മുന്നിൽ കൈനീട്ടാതെ പലിശനിരക്കിൽ തർക്കിക്കാതെ മാന്യമായി ബോണ്ടുകളിറക്കി പണം കണ്ടെത്താനും സ്വന്തം സമ്പദ്ശേഷിയും തിരിച്ചടവ് ശേഷിയും കൂടുന്നതനുസരിച്ച് പലിശനിരക്ക് കുറയ്ക്കുന്നത് അവകാശമായി നിലനിറുത്താനും കഴിയുന്ന പുതിയ രീതി. അതാണ് കേരള മുഖ്യമന്ത്രി ഇന്നലെ ലണ്ടനിൽ നിർവഹിച്ചത്.

ഓഹരി വില്പനയ്ക്കിറക്കുന്ന ലോകമെമ്പാടുമുള്ള കക്ഷികൾ എത്തിച്ചേരുന്ന വേദിയാണ് ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ച്.അവിടേക്ക് സധൈര്യം കടന്നുചെന്ന് ബോണ്ടുകളിറക്കി സംസ്ഥാനത്തെ അടിസ്ഥാനസൗകര്യവികസനത്തിന് പണം കണ്ടെത്തുകയാണ് കേരളം. രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ സ്ഥാപനം ഇതിന് മുമ്പ് ആലോചിക്കുക പോലും ചെയ്യാത്ത പുതുവഴിയാണിത്. വികസനത്തിന് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയിരുന്നത് ഇന്ന് പഴങ്കഥ. പിന്നീട് ബിൽഡ്, ഒാപറേറ്റ്, ട്രാൻസഫർ എന്ന ബി.ഒ.ടിയായി. അതും പിന്നിട്ട് സർക്കാർ തന്നെ പുതുവഴികളിലൂടെ പണം കണ്ടെത്തി അത് വ്യവസ്ഥാപിതമായി ചെലവഴിച്ച് പണം തിരിച്ചടയ്ക്കാൻ വ്യക്തമായ ഏർപ്പാടുണ്ടാക്കുന്നതാണ് പുതിയരീതി. കിഫ്ബി അതിലേക്കുള്ള ചുവടുവയ്പാണ്. ഒാഹരികളിൽ നിന്ന് ബോണ്ടുകളിറക്കി പണംകണ്ടെത്തിയും പിന്നീട് കാലാവധിയാകുമ്പോൾ തിരിച്ചടയ്ക്കുന്നതുമാണിതിന്റെ ഏർപ്പാട്. സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരം എന്നതിന് പുറമെ, കോർപറേറ്റ് ഭരണത്തിലെയും ഫണ്ട് പരിപാലനത്തിലെയും ലോകോത്തര സമ്പ്രദായങ്ങൾ പകർത്താനുള്ള അവസരംകൂടിയാണിത്.

കിഫ്ബിയും സംസ്ഥാന സർക്കാരും ഒരുകൊല്ലമായി നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിലെ ഈ വിപണിതുറക്കൽ ചടങ്ങ്. രാജ്യാന്തര നിക്ഷേപകർക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ തുടർച്ചയായാണ് ഈ ചരിത്രസംഭവം അരങ്ങേറിയത്.

ഓഹരി വാങ്ങുന്നവർക്കു റിട്ടേൺ സുസ്ഥിരമായി ഉറപ്പാക്കുന്ന യീൽഡ് കർവ് വിദേശ വിപണിയിൽ കിഫ്ബി ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഇത് രാജ്യത്തെ കീഴ്‍തല ഓഹരികളുടെ വിപണനത്തിനും വഴിയൊരുക്കും.