തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ എട്ടരക്കോടി വിലയുള്ള സ്വർണം കടത്തിയ കേസിൽ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഡി.ആർ.ഐ ചോദ്യം ചെയ്തു. കസ്റ്റംസ്, എമിഗ്രേഷൻ, വിമാനത്താവള അതോറിട്ടി ഉദ്യോഗസ്ഥരെയും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരെയുമാണ് ചോദ്യംചെയ്തത്. കസ്റ്റംസിലെ ഒരു അഡി. സൂപ്രണ്ടും രണ്ട് ഇൻസ്പെക്ടർമാരും നിരീക്ഷണത്തിലാണ്. ഇവരുടെ വീടുകളിൽ പരിശോധന നടത്തിയെന്നും സൂചനയുണ്ട്. ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിട്ടുണ്ട്. പിടിയിലായ സ്വർണക്കടത്ത് സംഘം 300 കിലോഗ്രാം സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. സംഘത്തിൽപെട്ട 12 സ്ത്രീകളെ ഡി.ആർ.ഐ കണ്ടെത്തി. ഇതിലൊരാളായ മുരുക്കുംപുഴക്കാരി യുവതിയെ ഇന്നലെ പകൽ മുഴുവൻ ചോദ്യംചെയ്തു. നിരവധി തവണ സ്വർണം കടത്തിയതായി ഇവർ സമ്മതിച്ചിട്ടുണ്ട്. പക്ഷേ, തെളിവില്ലാത്തതിനാൽ പ്രതിചേർത്തിട്ടില്ല. മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണസംഘം ദുബായിലേക്ക് പോകും. യു.എ.ഇ എംബസിയിൽ ഡി.ആർ.ഐ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെ എല്ലാവരെയും കണ്ടെത്തി നാട്ടിലേക്ക് കയറ്രിവിടാനാണ് ആലോചന. ദുബായിൽ എവിടെ നിന്നാണ് ഇവർ സ്വർണം വാങ്ങിക്കൂട്ടിയത്, ഇതിനുള്ള പണം ആരാണെത്തിച്ചത് എന്നിവയെല്ലാം പരിശോധിക്കുകയാണ്.
വിമാനത്താവളത്തിൽ ചില ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുള്ളപ്പോൾ മാത്രമാണ് സ്വർണക്കടത്തുകാർ ദുബായിൽ നിന്നെത്തിയിരുന്നത്. ചില കസ്റ്റംസ്, എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഈ ദിവസങ്ങളിൽ ഡ്യൂട്ടിക്കുണ്ടായിരുന്നു. വിമാനത്താവളത്തിലെ ടോയ്‌ലറ്റിലോ മറ്റോ ഒളിപ്പിക്കുന്ന സ്വർണം പുറത്തെത്തിച്ചിരുന്നത് ഇവരാകാമെന്ന് സംശയിക്കുന്നു. ഇവരെ പ്രത്യേകം ചോദ്യം ചെയ്യുന്നുണ്ട്.
25 കിലോഗ്രാം സ്വർണം 4 പോളിത്തീൻ കവറുകളിലാക്കി ഹാൻഡ് ബാഗിൽ കൊണ്ടുവന്നത് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുമെന്നതിനാലാണ്. ശുചീകരണ ജീവനക്കാരെയും ചോദ്യം ചെയ്തിട്ടുണ്ട്. സ്വർണക്കടത്തിന് സഹായം ചെയ്യാൻ വിമാനത്താവളത്തിൽ റാക്കറ്റുണ്ടെന്നും എത്ര ഉന്നതനായാലും സംരക്ഷിക്കില്ലെന്നും ഡി.ആർ.ഐ അറിയിച്ചു.
മുൻകൂർ ജാമ്യത്തിന് ബിജുവിന്റെ ശ്രമം
അതേസമയം, സ്വർണക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ അഭിഭാഷകൻ കഴക്കൂട്ടം വെട്ടുറോഡ് കരിയിൽ സ്വദേശി ബിജുമോഹൻ (45) ഒളിവിലാണ്. ഇയാളുടെ ഫോണുകളെല്ലാം ഓഫാണ്. നാലു തവണയായി 20 കിലോ സ്വർണം കടത്തിയതിന് ഇയാളുടെ ഭാര്യ വിനീത റിമാൻഡിലാണ്. ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്ന് ബിജുവിന് അറിയാമെന്നതിനാൽ ജുവലറിക്കാർ ഇയാളെ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഡി.ആർ.ഐ പറഞ്ഞു. ഇയാളുടെ കൂട്ടാളികളായ വിഷ്‌ണു, ജിത്ത് എന്നിവരെ പിടികൂടാനും ശ്രമംതുടങ്ങി. കഴിഞ്ഞദിവസം വരെ തലസ്ഥാനത്തുണ്ടായിരുന്ന ബിജു മുൻകൂർ ജാമ്യാപേക്ഷ ഫയൽചെയ്യാൻ പ്രമുഖ അഭിഭാഷകനെ കാണാൻ കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിരുന്നു. തിങ്കളാഴ്ച ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽചെയ്യും.
സി.ബി.ഐ കേസെടുക്കും
സ്വർണക്കടത്ത് സംഭവത്തിൽ സി.ബി.ഐ സ്വമേധയാ കേസെടുക്കും. സ്വർണക്കടത്തിനു പിന്നിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കും. കസ്റ്റംസ്, എമിഗ്രേഷൻ, വിമാനത്താവള അതോറിട്ടി എന്നിവ കേന്ദ്ര സർക്കാരിനു കീഴിലായതിനാലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. കൊച്ചി യൂണിറ്റാവും അന്വേഷിക്കുക.