പാറശാല: തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിൽ അതിർത്തിയിലെ ലോട്ടറി വില്പനക്കാർക്കെതിരെ നടന്നുവരുന്ന ഭീഷണിക്കെതിരെ 22ന് ഹർത്താൽ ആചരിക്കുന്നു. കേരള അതിർത്തിയിലെ കളിയിക്കാവിള മുതൽ പടന്താലുംമൂട് വരെയുള്ള വ്യാപാരി വ്യവസായികൾ ഒന്നടങ്കം രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും. തമിഴ്നാട്ടിലെ ലോട്ടറി നിരോധന നിയമം അതിർത്തിയിൽ പ്രവർത്തിച്ചുവരുന്ന കേരളത്തിലെ ലോട്ടറി വ്യാപാരികളും പാലിക്കണമെന്നതാണ് കളിയിക്കാവിള പൊലീസ് ഇൻപെക്ടറുടെ വാദം. ഇതിനു വഴങ്ങാത്ത കേരളത്തിലെ ലോട്ടറി വ്യാപാരികൾക്കെതിരെ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കേരളത്തിന്റെ അതിർത്തി കളിയിക്കാവിളയ്ക്ക് മുൻപ് ഇഞ്ചിവിളയിൽ അവസാനിക്കുകയാണെങ്കിലും പി.പി.എം ജംഗ്‌ഷൻ മുതൽ പടന്താലുംമൂട് വരെ ദേശീയപാതയ്ക്ക് വലതുവശം കേരളത്തിന്റെ ഭാഗമാണ്. പാറശാല ഗ്രാമപഞ്ചായത്തിലെ ഈ ഭാഗത്തെ അയ്ങ്കാമം വാർഡിലാണ് കേരള ലോട്ടറിയുടെ മൂന്ന് ഹോൾസെയിൽ വ്യാപാരികൾ ഉൾപ്പെടെ 50 ഓളം അംഗീകൃത ചെറുകിട വ്യാപാരികളുടെ കടകൾ പ്രവർത്തിക്കുന്നത്. ഈ കടകളിലെ ലോട്ടറി കച്ചവടം നിറുത്തണമെന്നതാണ് തമിഴ്‌നാട് ഇൻസ്‌പെക്ടറുടെ ആവശ്യം. ഇൻസ്‌പെക്ടറുടെ ഭീഷണിക്കെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കേരള മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും മറ്റും പരാതി നൽകിയിട്ടുണ്ട്.