തിരുവനന്തപുരം : നെയ്യാറ്റിൻകര മാരായമുട്ടത്ത് അമ്മയും മകളും ജീവനൊടുക്കിയതിന് ഉത്തരവാദി ഭർത്താവ് ചന്ദ്രനാണെന്നതിന് കൂടുതൽ തെളിവ് പൊലീസിന് ലഭിച്ചു. ഭർത്താവാണ് തങ്ങളുടെ മരണത്തിനുത്തരവാദിയെന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് ലേഖ പറഞ്ഞതായി രണ്ട് പേർ പൊലീസിന് മൊഴി നൽകി. ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ലേഖയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് വാഹനത്തിൽ കയറ്റുമ്പോഴാണ് ഒപ്പമുണ്ടായിരുന്നവരോട് അവർ ഇക്കാര്യം പറഞ്ഞത്.
ഇന്നലെ പരിസരവാസികളെയും രക്ഷാപ്രവർത്തനം നടത്തിയവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്. ഇത് മരണമൊഴിയായി കണക്കാക്കും. രണ്ട് പേരെയും മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കി ഇക്കാര്യം മരണമൊഴിയായി രേഖപ്പെടുത്തുമെന്നും വെള്ളറട സി.ഐ ബിജു വി. നായർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ അറസ്‌റ്റിലായ ചന്ദ്രൻ, ഇയാളുടെ അമ്മ കൃഷ്ണമ്മ, അനുജത്തി ശാന്ത, ഭർത്താവ് കാശിനാഥൻ എന്നിവർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിനായി ചന്ദ്രനെയും കാശിനാഥനെയും കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികൾ പൊലീസ് തുടങ്ങി.
കനറാ ബാങ്ക് അധികൃതരോട് കുടുംബത്തിന്റെ വായ്പയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ബാങ്ക് അധികൃതരുടെ മൊഴിയെടുക്കും. വീട്ടിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ്, നോട്ട്ബുക്കുകൾ എന്നിവ ഫോറൻസിക് വിഭാഗത്തിന് കൈമാറാൻ കോടതിയിൽ സമർപ്പിച്ചു.
ഇന്നലെ പരിസരവാസികളായ പത്ത് പേരെയും വൈഷ്ണവി പഠിച്ചിരുന്ന കോളേജിലെ അദ്ധ്യാപകരെയും സഹപാഠികളെയും പൊലീസ് ചോദ്യം ചെയ്തു. അടുത്ത കൂട്ടുകാരികളാണ് വൈഷ്ണവി പങ്കുവച്ച വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്. വീട് വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്നും പുതിയ വീട്ടിലേക്ക് താമസം മാറുമെന്നും പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് ലേഖ പറഞ്ഞിരുന്നതായി ബന്ധുക്കളും മൊഴി നൽകി.
പ്രദേശത്തെ മന്ത്രവാദികളുടെയും ആഭിചാരക്രിയകൾ ചെയ്യുന്നവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. കോട്ടൂരിലെ സ്വാമിക്കായും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മലയിക്കടയിലെ വീട്ടിലെ കിടപ്പുമുറിയിൽ ലേഖയും ഏകമകൾ വൈഷ്ണവിയും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. വൈഷ്ണവി സംഭവസ്ഥലത്തും ലേഖ മെഡിക്കൽ കോളേജാശുപത്രിയിലുമാണ് മരിച്ചത്.
എല്ലാത്തിനും ഉത്തരവാദി അയാൾ
'എന്നെ ആരും രക്ഷിക്കാൻ നോക്കേണ്ട, എല്ലാത്തിനും ഉത്തരവാദി എന്റെ ഭർത്താവാണ്. ഇനി ഞങ്ങൾക്ക് ജീവിക്കണ്ട"... ലേഖ അവസാനം പറഞ്ഞതിതാണ്. ലേഖയെ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ പൊലീസ് മജിസ്‌ട്രേട്ടുമായി മൊഴി രേഖപ്പെടുത്താൻ എത്തിയിരുന്നു. അപ്പോഴേക്കും ലേഖ അബോധാവസ്ഥയിലായിരുന്നു. ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവരുടെയും മൊഴിയെടുത്തപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീയാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. തുടർന്ന് മറ്റൊരാളും സമാനമായ കാര്യങ്ങൾ പറഞ്ഞു.