പാലോട്: കൊട്ടിഘോഷിച്ച മീൻമുട്ടി ഹൈഡൽ ടൂറിസത്തിന് വീണ്ടും മരണമണി മുഴങ്ങുന്നു. ഇലക്ഷനു തൊട്ടുമുമ്പ് സഞ്ചാരികൾക്ക് തുറന്നു കൊടുത്ത ടൂറിസം സെന്ററിലെ യന്ത്ര ബോട്ട് ഇവിടെ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയി. അവശേഷിക്കുന്നത് അപകടാവസ്ഥയുള്ള മൂന്ന് ചെറുവള്ളങ്ങൾ മാത്രം. സംസ്ഥാന വൈദ്യുതി ബോർഡിന് കീഴിൽ വാമനപുരം നദിയോട് ചേർന്ന് മീൻമുട്ടി കടവിൽ നിർമ്മിച്ച ജലസംഭരണിയിലെ ടൂറിസം സ്വപ്നങ്ങളാണ് ഇതോടെ പാഴായത്. സ്‌പീഡ് ബോട്ട് കടത്തിക്കൊണ്ടു പോകാനുള്ള ഹൈഡൽ ടൂറിസം വകുപ്പ് ജീവനക്കാരുടെ ശ്രമം നാട്ടുകാർ തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. ബോട്ടിന് പെർമിറ്റ് ഇല്ലെന്നും കായൽപ്പരപ്പിൽ ഓടിച്ച് പെർമിറ്റ് നേടിയ ശേഷം തിരികെ എത്തിക്കാമെന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. ബോട്ട് സവാരി പ്രതീക്ഷിച്ച് മീന്മുട്ടിയിലെത്തുന്ന സഞ്ചാരികളെ നിരാശരാക്കുന്നതാണ് അധികൃതരുടെ ഈ നടപടി. പതിനഞ്ച് വർഷം മുമ്പ് ചെറുകിട വൈദ്യുതോൽപ്പാദനവും ഹൈഡൽ ടൂറിസവും ലക്ഷ്യമിട്ട് കോടികൾ മുടക്കി നിർമ്മിച്ച ഡാമും പരിസരവും ഉദ്‌ഘാടനത്തിന് പിന്നാലെ അടച്ചിടുകയായിരുന്നു. മനോഹരമായ ഉദ്യാനവും ബോട്ടു സവാരിയും ആസ്വദിച്ച്, വൈദ്യുതോല്പദനം നേരിൽകാണാനുള്ള അവസരമാണ് സന്ദർശകർക്ക് നഷ്ടമായത്. അടിക്കടിയുള്ള യന്ത്രത്തകരാറും മേൽനോട്ട ചുമതലയിലെ അലംഭാവവുമാണ് ടൂറിസം സെന്ററിനെ പെടുന്നനെ തകർച്ചയുടെ വക്കിലെത്തിച്ചത്. വൈദ്യുതോല്പപാദനം തടസപ്പെടുകയും ഉദ്യാനം കാടുകയറി നശിക്കുകയും ചെയ്തതോടെ അധികൃതരും ഇവിടേയ്ക്ക് വരാതെയായി. ആദ്യഘട്ടത്തിൽ സജ്ജീകരിച്ചിരുന്ന തുഴച്ചിൽ ബോട്ടുകൾ ജീർണിച്ച് ജലസംഭരണിയിൽ മുങ്ങുകയുമായിരുന്നു.
നീണ്ട നാളത്തെ പരാതികൾക്കും പ്രതിഷേധത്തിനും ഒടുവിൽ ഡി.കെ. മുരളി എം.എൽ.എ മീൻമുട്ടി ഹൈഡൽ ടൂറിസം സെന്ററിന്റെ ദുരവസ്ഥ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ നവീകരണത്തിനുള്ള ഫണ്ട് സർക്കാർ അനുവദിച്ചു. കഴിഞ്ഞ ജനുവരിയിൽ വൈദ്യുതി മന്ത്രി എം.എം. മണി നവീകരിച്ച സെന്റർ വീണ്ടും തുറന്നു നൽകി. ബോട്ടിംഗിന് 500 രൂപ നിരക്ക് ഏർപ്പെടുത്തുകയും പാസ് കൗണ്ടറുകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. മീൻമുട്ടി മുതൽ ഡാമിന്റെ റിസർവയർ പ്രദേശമായ കടുവാപ്പാറ വരെയാണ് നിലവിൽ ബോട്ട് സവാരി ഏർപ്പെടുത്തിയിരുന്നത്. സഞ്ചാരികളുടെ വർദ്ധന കണക്കിലെടുത്ത് ബോട്ട് സവാരി പാലോട് വരെ ദീർഘിപ്പിക്കാനും കൂടുതൽ ബോട്ടുകൾ സജ്ജമാക്കാനും ആലോചിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആകെയുള്ള ഒരു യന്ത്രബോട്ട് ഇവിടെ നിന്ന് ലോറിയിൽ കടത്തിക്കൊണ്ടു പോയത്. ചുരുങ്ങിയ നാളുകൾക്കകം ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും സഞ്ചാരികളുടെ വൻ ഒഴുക്കാണ് ഇവിടേയ്ക്ക് അനുഭവപ്പെട്ടത്. വിദ്യാർത്ഥികളുടെയും മറ്റു പഠനയാത്ര സംഘങ്ങളുടെയും ഇഷ്ട ടൂറിസം കേന്ദ്രമായി മീൻമുട്ടി മാറിക്കഴിഞ്ഞു. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയതിനൊപ്പം അധിക ജീവനക്കാരെയും അടുത്തിടെ നിയമിച്ചിരുന്നു.നന്ദിയോട് നിന്ന് മീന്മുട്ടിയിലേക്കുള്ള റോഡും ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കി. നാട്ടുകാരുടെയും വിനോദ സഞ്ചാര പ്രിയരുടെയും സ്വപനങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയാണ് യന്ത്ര ബോട്ട് മീന്മുട്ടിയിൽ നിന്ന് കൊണ്ടുപോയത്.