ഫിലിപ്പൻസ് : ജോലി ചെയ്യാതിരിക്കാനും അങ്ങനെ സുഖിക്കാനുള്ള വഴി കണ്ടെത്താൻ മനുഷ്യൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അതിന് ഉത്തമോദാരഹണമാണ് ഫിൻലൻഡുകാരനായ മാറ്റിപാസോ എന്ന എഴുപതുകാരൻ. കുളിപ്പിക്കുന്ന മെഷീനാണ് കക്ഷിയുടെ കണ്ടുപിടിത്തം. കുളിമുറിയിൽ കയറി സ്വിച്ചിടുകയേ വേണ്ടൂ. വെള്ളമൊഴിച്ച് സോപ്പുതേച്ച് കുളിപ്പിച്ച് വൃത്തിയാക്കും. മതിയെന്നു തോന്നുമ്പോൾ മെഷീൻ ഓഫാക്കിയാൽ മതി.
മൂന്നുവർഷത്തെ നിരന്തര പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷമാണ് മാറ്റിപാസോ മെഷീൻ ഉണ്ടാക്കിയെടുത്തത്. കാർ സർവീസ് സെന്ററിന്റെ മിനിയേച്ചർ രൂപമാണ് സംഗതി. ആളുടെ മുന്നിലും പിന്നിലുമായി ചലിക്കുന്ന രണ്ട് ബ്രഷുകളുണ്ട്. മെഷീൻ ഓണാക്കുമ്പോൾ ഷവറിൽ നിന്ന് വെള്ളം വീഴുകയും ഒപ്പം ബ്രഷുകൾ താഴേക്കും മുകളിലേക്കും ചലിക്കുകയും ചെയ്യും. ബ്രഷ് എന്തെങ്കിലും ഭാഗത്ത് കൂടുതൽ അമർത്തണമെന്നു തോന്നിയാൽ അതിനുള്ള സംവിധാനവും ഇതിലുണ്ട്. തീർത്തും ശബ്ദരഹിതമാണ്. ഒരുതവണ മെഷീൻ ഓണാക്കിയാൽ പതിനഞ്ച് മിനിട്ട് തുടർച്ചയായി പ്രവർത്തിക്കും.
ആശുപത്രികളിലും കിടപ്പുരോഗികൾക്കുമാണ് ഇത് ഏറെ പ്രയോജനം ചെയ്യുന്നതെന്നാണ് പാസോ പറയുന്നത്. കിടപ്പുരോഗികളെ സുരക്ഷിതമായി താങ്ങിനിറുത്താനുള്ള സംവിധാനവും മെഷീനിൽ ഉടൻ ഏർപ്പെടുത്തും. വ്യാവസായികമായി ഉത്‌പാദിപ്പിക്കുന്നതിന്റെ ഭാഗമായി മെഷീൻ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് പാസോ ഇപ്പോൾ.
വാർത്ത പുറത്തുവന്നതോടെ മെഷീന് ആവശ്യക്കാരെത്തിയിട്ടുണ്ട്. എല്ലാ തെറ്റുകുറ്റങ്ങളും തീർത്തതിനു ശേഷമേ വില്പനയുള്ളൂ എന്നാണ് പാസോ പറയുന്നത്.