ലണ്ടൻ നഗരമദ്ധ്യത്തിലെ സ്റ്റോക് എക്സ്ചേഞ്ചിൽ നിന്ന് നെഞ്ച് കിടുക്കുമാറ് ഉച്ചത്തിലുള്ള മണികിലുക്കം കേട്ടാണ് ഹൈഗേറ്റ്സ് സെമിത്തേരിയിൽ ഉറങ്ങുകയായിരുന്ന കാൾമാർക്സ് ഞെട്ടിയുണർന്നത്. കണ്ണ് തിരുമ്മിത്തിരുമ്മി, കോട്ടുവായിട്ട്, ഒരു കട്ടൻചായയ്ക്ക് കൈ നീട്ടിയതേ മാർക്സിന് ഓർമ്മയുള്ളൂ എന്നാണ് പറയുന്നത്. തന്റെ താടിയോളം നീളം പോരെങ്കിലും ഏതാണ്ടൊപ്പിച്ചുവച്ച താടിയുള്ള പഹയനും താടിയില്ലാത്ത പഹയനും ചേർന്ന് മണികിലുക്കുന്നതാണ് മാർക്സ് പിന്നെ കണ്ടതത്രെ. അത് സ്റ്റോക്ക് എക്സ്ചേഞ്ചിനകത്തായിരുന്നു. സ്വപ്നമോ അതോ സത്യമോ എന്ന് മാർക്സ് ആലോചിക്കാതിരുന്നില്ല. ചുവരിൽ തൊട്ട് നോക്കിയപ്പോൾ സത്യം തന്നെയെന്ന് ബോദ്ധ്യമായി. സെമിത്തേരിയിൽ കിടന്ന മാർക്സ് എങ്ങനെ സ്റ്റോക് എക്സ്ചേഞ്ചിനകത്ത് എത്തിയെന്ന് ചോദിച്ചാൽ കഥയിൽ ചോദ്യമില്ല തന്നെ. അഥവാ കഥയിൽ ചോദ്യമുന്നയിച്ചാൽ, പ്രൈവറ്റ് ഇഷ്യു ആക്കി ഇറക്കിയ മസാല ബോണ്ട് രണ്ടാമത് പബ്ലിക് ഇഷ്യു ആയി ഇറക്കുന്നതെങ്ങനെയെന്ന് ചെന്നിത്തലഗാന്ധി ചോദിക്കുമ്പോലെയേ ഉള്ളൂ. മത്തിക്കച്ചവടം പോലുള്ള ബൂർഷ്വാ സങ്കല്പങ്ങളാൽ നയിക്കപ്പെടുന്നത് കൊണ്ടാവാമത്. അതവിടെ നിൽക്കട്ടെ.
ഒരാളെപ്പോലെ ലോകത്ത് അഞ്ചോ ആറോ ഏഴോ പേരുണ്ടാവുമെന്നറിവുള്ളത് കൊണ്ടാണ് തന്റെ അതേ താടിയുമായി നിൽക്കുന്ന ജൂബാക്കാരനെ കണ്ട് മാർക്സ് പകച്ചുപോകാതിരുന്നത്. ബീഡിയുണ്ടോ സഖാവേ എന്ന് ചോദിച്ചപ്പോൾ ആളെ പിടികിട്ടി. ഐസക് സഖാവ് ! ബീഡിക്ക് തീ കൊളുത്തവേ മറ്റേ താടിയില്ലാത്തയാളിനെയും തിരിച്ചറിഞ്ഞു. പിണറായി സഖാവ് !
മുതലാളിത്ത സാമൂഹ്യവ്യവസ്ഥിതിയിലെ സ്വേച്ഛാപതികളും സ്വന്തം ലാഭത്തിനായി മാത്രം ജീവിച്ചുവരുന്നവരുമായ ബൂർഷ്വാസികളും അവരാൽ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളിവർഗവും തമ്മിലെ വർഗസമരം ഇതാ പിടിച്ചോ എന്ന മട്ടിൽ തൊട്ടുമുന്നിൽ! മാർക്സിന് ആനന്ദതുന്ദിലനാവാൻ ഇതിൽപ്പരം എന്ത് വേണം!
ശത്രുവിനെ മാളത്തിൽ ചെന്ന് ആക്രമിക്കുകയെന്ന ശൈലി മാർക്സിനറിയില്ലെങ്കിലും മുതലാളിത്തത്തെ സ്റ്റോക് എക്സ്ചേഞ്ചിൽ ചെന്ന് തന്നെ നേരിടാൻ പിണറായിസഖാവിനെ ആരെങ്കിലും പഠിപ്പിക്കേണ്ടതില്ല. മാർക്സ് മനസ്സിൽ കാണും മുമ്പേ സംഗതി മാനത്ത് കാണുന്നയാളാണ്. ലോക മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത രൂപമായ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മണി മുഴക്കി ബൂർഷ്വാസിയോട് യുദ്ധം ചെയ്യാനുള്ള തണ്ടും തടിയുമൊക്കെ പിണറായി സഖാവിന് നല്ലപോലെയുണ്ട്. ഇല്ലെങ്കിലത് ഉണ്ടാക്കിക്കൊടുക്കാനാണല്ലോ ഐസക് സഖാവ് നിൽക്കുന്നത്.
മസാലബോണ്ട് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ഇറക്കിക്കളിച്ചത് ബൂർഷ്വാ - തൊഴിലാളി വർഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഒരു പ്രത്യേക വേർഷനാണ്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കുന്ന അതേ ശുഭമുഹൂർത്തത്തിൽ തിരോന്തോരത്ത് കുന്നുകുഴിയിലെ എ.കെ.ജി സെന്ററിന് മുന്നിലെ ചായക്കടയിലിരുന്ന് ബേബി സഖാവും കോടിയേരി സഖാവും ഓരോ മസാലബോണ്ട വീതം കഴിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിവരം സാക്ഷാൽ കാൾമാർക്സ് തന്നെ ഐസക് സഖാവിനോടും പിണറായി സഖാവിനോടും വെളിപ്പെടുത്തുകയുണ്ടായി. ഐസക് സഖാവ് ഒരു കിഫ്ബിച്ചിരി പാസാക്കിയെങ്കിലും പിണറായി സഖാവ് ഗൗരവത്തിൽ നിലകൊണ്ടതേയുള്ളൂ. മുതലാളിത്തത്തോട് ഏറ്റുമുട്ടുമ്പോൾ അങ്ങനെ ചിരിക്കരുതെന്ന് ചട്ടമുള്ളതിനാലായിരുന്നു അത്. ബേബിസഖാവും കോടിയേരി സഖാവും മസാലബോണ്ട കടിച്ചപ്പോൾ ചായക്കടയിലെ ചില്ലലരമാരയിലിരുന്ന് പരിപ്പുവട നെടുവീർപ്പിടുന്ന ശബ്ദം കേൾക്കുകയുണ്ടായി. പരിപ്പുവട പണ്ടേ ബൂർഷ്വാസിയായി മാറിയതിനാൽ അവരതത്ര കാര്യമാക്കിയില്ല. അല്ലെങ്കിലും ബൂർഷ്വാസി പോയി തുലയട്ടെ. അതല്ലേ വേണ്ടത്!
മർമ്മ താളത്തിലായാലും കുംഭ താളത്തിലായാലും കവിതയുണ്ടാക്കാമെന്ന് ന.മോ.ജിയെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. അങ്ങനെയാണ് കുംഭതാളത്തിൽ തന്നെ കവിതയാകാമെന്നുറപ്പിച്ച് ന.മോ.ജി ഇറങ്ങിത്തിരിച്ചത്.
പട്ടിയുണ്ട്, സൂക്ഷിക്കുക! എന്ന് ബോർഡ് എഴുതിവച്ച വീടുകളിലേക്ക് അടുക്കാത്തത് മാതിരി, പത്രക്കാരുള്ള ഏരിയകളിലേക്കും ന.മോ.ജി അടുക്കാറില്ലായിരുന്നു. അത് പത്രക്കാരെ പേടിച്ചിട്ടൊന്നുമല്ല. ചെമ്മീൻ ചാടിയാൽ മുട്ടോളം എന്നത് പോലെ അവറ്റകൾ ചാടിയാലും എത്രവരെ ചാടുമെന്ന് ന.മോ.ജിക്കറിയാം. എന്നാലും ഒരു കരുതൽ. എല്ലാറ്റിനും അത് വേണമല്ലോ. പത്രക്കാരുള്ള ഏരിയകൾ ന.മോ.ജി മനസിലാക്കുന്നത് ചില ശബ്ദങ്ങൾ ശ്രദ്ധിച്ചാണ്. ട്ർർർ... എന്ന ശബ്ദം കേട്ടാലുറപ്പാണ്, അവിടെ പത്രക്കാരുണ്ടാവും. കാരണം അത് ഈ പത്രക്കാർ വാർത്ത വളച്ചൊടിക്കുന്നതിന്റെ ശബ്ദമാണ്. അവറ്റകളോട് ചക്കെന്ന് പറഞ്ഞാൽ കൊക്കെന്ന് എഴുതിവയ്ക്കുമെന്നും ന.മോ.ജിക്കും അമിത് ഷാജിക്കും ബോദ്ധ്യമുണ്ട്. (അവരെഴുതാതെ തന്നെ നാലാളെക്കൊണ്ട് പറയിക്കാൻ ന.മോ.ജിയെ കഴിഞ്ഞേ ആളുകളുള്ളൂ.)
പക്ഷേ, കവിതയെഴുത്തിലേക്ക് കടന്നാൽ ന.മോ.ജി പത്രക്കാരെ കാണാനും മടിക്കാറില്ല. പ്രത്യേകിച്ച് കുംഭതാളത്തിൽ കവിതയെഴുതാൻ തുടങ്ങിയാൽ. അങ്ങനെയാണ് അമിതണ്ണനോടൊപ്പം പത്രക്കാരെ കാണാമെന്ന് ന.മോ.ജി വിചാരിച്ചത്. തലയിരിക്കുമ്പോൾ വാലാടരുതെന്ന പ്രമാണത്തിൽ വിശ്വസിക്കുന്നതിനാൽ ഷാജിയിരിക്കുമ്പോൾ ന.മോ.ജി മിണ്ടാറില്ല. ഷാജി പത്രക്കാരോട് അതുമിതും പറയുമ്പോൾ കിട്ടുന്ന ചെറിയ ഇടവേളകളിലാണ് ന.മോ.ജിയുടെ ഉള്ളത്തിൽ കവിതകൾ വിരിയാറ്. അന്നേരം മാനത്തോട്ട് ഒന്ന് നോക്കുക പതിവാണ്. ആകാശം മേഘാവൃതമല്ലെങ്കിലേ മനസിന്റെ റഡാറിൽ കവിത പൂത്തുലയൂ എന്നതും ന.മോ.ജിക്കല്ലാതെ മറ്റാർക്കാണ് അറിയുക! 'കള്ളമകന്ന കവിത്വ വിശേഷം / തള്ളിത്തള്ളി വരുന്ന ദശായാം / ഉള്ളിൽക്കപടതയുള്ള ജനങ്ങടെ / ഭള്ളും വിരുതും നിഷ്ഫലമാക്കാം' എന്ന് കുഞ്ചൻ നമ്പ്യാർ തന്നെ പാടിയിട്ടുണ്ട്.
ഇ-മെയിൽ: dronar.keralakaumudi@gmail.com