ഇവിടെ ചിലരൊക്കെ വിദ്യാരംഭത്തിനായി കുഞ്ഞുങ്ങളെ കൊണ്ടുവരാറുണ്ട്. അതിനു മുഹൂർത്തം നോക്കാറില്ല. ദൈവമുണ്ടാക്കിയതാണല്ലോ സമയം. ദൈവനിർമ്മിതമായ എല്ലാം നല്ലതാണ്. അതിനാൽ എല്ലാ സമയവും നല്ല സമയമാണ്. ഇവിടെ ദിവസവും നടക്കുന്ന പ്രാർത്ഥനാവേളയിലോ ഞായറാഴ്ച രാവിലെ നടക്കുന്ന ഹോമത്തിന്റെ ഭാഗമായോ അതു നടത്തുമെന്നു മാത്രം.
കുഞ്ഞുങ്ങളുടെ വിരൽ പിടിച്ച് അരിയിലെഴുതിക്കുകയാണ് പതിവ്. ഒരു പിതാവിനൊരു നിർബന്ധം. നാവിൽ സ്വർണംകൊണ്ടു കൂടി എഴുതണം. ഞാനങ്ങനെ ചെയ്തുകൊടുത്തില്ല. പകരം അവരോടു പറഞ്ഞു,
''അക്ഷരം സൂചിപ്പിക്കുന്നത് അറിവിനെയാണ്. സ്വർണം വെറും ലൗകികമൂല്യം മാത്രമുള്ള സമ്പത്തിനെയും. സ്വർണമെടുത്തു തിന്നാനാവുകയില്ല. അതു കാണാൻ മാത്രം കൊള്ളാം. പക്ഷേ അതിനാണ് ആളുകൾ വലിയ വില മതിക്കുന്നത്. അതു സമ്പാദിക്കുന്നതിൽ ദുരാഗ്രഹമുള്ളവരാണ് സ്വർണംകൊണ്ടു കുഞ്ഞുങ്ങളുടെ നാവിൽ അക്ഷരം കുറിപ്പിക്കുന്നത്."
''അരിയാകട്ടെ. നമ്മൾ ആഹരിക്കുന്നതാണ്. അതു മണ്ണിൽ നിന്നു വിളയുന്നു. തറയിൽ തൊട്ടു നില്ക്കുന്ന മൂല്യമുള്ളതാണത്. അതു നമ്മളെ നിലനിറുത്തുകയും ആനന്ദം നല്കുകയും ചെയ്യുന്നു. അത്തരത്തിൽ അന്നത്തെ ബ്രഹ്മമായി കണ്ട് ഉപാസിക്കണമെന്ന് ഉപനിഷത്തുകൾ പഠിപ്പിക്കുന്നു. അന്നോപാസന ബ്രഹ്മോപാസന വരെ ഉയർന്നുപോകാം എന്നും ഉപനിഷത്തു ചൂണ്ടിക്കാണിക്കുന്നു. അതായത്, അറിവിന്റെ പരമാവധിവരെ. അതുകൊണ്ടാണ് കുട്ടികളെക്കൊണ്ട് അരിയിൽ അക്ഷരം കുറിപ്പിക്കുന്നത്.
''അക്ഷരം സൂചിപ്പിക്കുന്നത് അറിവിനെയാണല്ലോ. ഈ അറിവ് കുഞ്ഞുങ്ങളെ അറിവിന്റെ പരമാവധിയായ ബ്രഹ്മജ്ഞാനം വരെ കൊണ്ടെത്തിക്കാൻ ഇടയാകട്ടെ എന്ന പ്രാർത്ഥനയാണ് ഇതിലുള്ളത്. ഒപ്പം ധാരാളം അന്നം ലഭിക്കുമാറാകട്ടെ എന്നും. അതുകൊണ്ടാണ് അരിയിലെഴുതുന്നത്. ഏതു വേണം?"
''അരിയിൽ മാത്രം എഴുതിയാൽ മതി."