ലണ്ടൻ : പ്രണയം ഒരു വിശുദ്ധ വികാരമാണ്. അത് ആർക്കും ആരോടും എപ്പോഴും തോന്നാം. ഒന്നിന്റെയും പേരിൽ അതിനെ മാറ്റിനിറുത്തരുത് - നോർവെ രാജകുമാരി മാർത്താലൂയിസിന്റേതാണ് ഈ അഭിപ്രായം. രാജകുമാരി ഒരു മന്ത്രവാദിയുമായി കടുത്ത പ്രണയത്തിലാണ്. പേര് ഷമൻ സൂറെക്. വയസ് 42. ഈ വിവരം പുറത്തറിഞ്ഞതുമുതൽ കടുത്ത വിമർശനമാണ് നേരിട്ടത്. ഇതാണ് ആപ്തവാക്യങ്ങൾ പറയാൻ രാജകുമാരിയെ പ്രേരിപ്പിച്ചത്.
ഇരുവരും രണ്ടുവർഷമായി അടുപ്പത്തിലാണത്രെ. നാൽപ്പത്തേഴുകാരിയായ രാജകുമാരി രണ്ടുവർഷം മുമ്പാണ് വിവാഹമോചനം നേടിയത്. ഷമനുമായുള്ള ബന്ധം എന്റെ ജീവിതമാകെ മാറ്റിമറിച്ചു. ഒരിക്കലും അവസാനിക്കാത്ത പ്രണയം ഈ ലോകത്തുണ്ട്. പേടിക്കാതെയും ചോദ്യങ്ങളൊന്നുമില്ലാതെയും അദ്ദേഹം എന്നെ അംഗീകരിച്ചു. മറ്റാരെക്കാളും അദ്ദേഹം എന്നെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. മാർത്ത പറയുന്നു.
പ്രണയത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതോടെ രാജകുമാരിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വെറുമൊരു മന്ത്രവാദിയെ പ്രണയിച്ചതിന് രാജകുമാരിപ്പട്ടം ഉപേക്ഷിക്കണമെന്നുവരെ ചിലർ ആവശ്യപ്പെട്ടു. വിമർശകർക്ക് കിടിലം മറുപടി നൽകി വായടപ്പിക്കാനും രാജകുമാരി ശ്രമിച്ചു. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് നിങ്ങളല്ല. നിങ്ങളെ തൃപ്തിപ്പെടുത്താനായി ആളെ തിരഞ്ഞെടുക്കാൻ എനിക്കാവില്ല. വിമർശകർക്ക് മറുപടിയായി മാർത്ത പറയുന്നു.
2002ലായിരുന്നു മാർത്താലൂയിസിന്റെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ മൂന്ന് പെൺമക്കളുണ്ട്.മാർത്തയുടെയും കാമുകന്റെയും വിവാഹം ഉടനുണ്ടാവുമെന്നാണ് കരുതുന്നത്.