അടുക്കളത്തോടുകൾ പൊട്ടിച്ച് ഒരുകൂട്ടം വീട്ടമ്മമാർ സ്വയംസംരംഭകരാകുന്നു. അവർക്ക് തണലാകുന്നത് ഒരുകൂട്ടം പ്ലസ് ടു, കോളേജ് വിദ്യാർത്ഥികളും. ചുരുക്കത്തിൽ പഠനകാലത്ത് തന്നെ സംരംഭകരാകുന്ന ഒരു കൂട്ടം വിദ്യാർത്ഥികളും അതിലൂടെ സ്വന്തം വരുമാനം എന്ന സ്വപ്നം നേടുന്ന വീട്ടമ്മമാരും, ഇതാണ് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷെൽ (She'll) എന്ന ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോം. വിവാഹത്തിന് ശേഷം ഉത്തരവാദിത്വങ്ങളുടെ ഭാരം കൂടി ഇഷ്ടങ്ങൾ മറന്നുപോയ അമ്മമാർ അതേ ഇഷ്ടങ്ങൾ കൊണ്ടുതന്നെ വരുമാനം ഉണ്ടാക്കുന്നു ഇതിലൂടെ. വിവിധതരം കേക്കുകൾ, വ്യത്യസ്തമായ ഭക്ഷണവിഭവങ്ങൾ, ആശംസാ കാർഡുകൾ, പെയിന്റിംഗുകൾ, കരകൗശല വസ്തുക്കൾ തുടങ്ങി ഇരുപതോളം ഉത്‌പന്നങ്ങൾ ഉപഭോക്താവിന്റെ ഇഷ്ടങ്ങളെക്കൂടി പരിഗണിച്ച് നിർമ്മിച്ച് ഓൺലൈനായി വിൽപ്പന നടത്തുന്ന സംരഭത്തിൽ കണ്ണൂരിലെ വിവിധ ഭാഗങ്ങളിലുള്ള 300-വീട്ടമ്മമാരാണ് അംഗങ്ങൾ.
അസാപ് എന്ന തുടക്കം
തളിപ്പറമ്പ് സർ സയ്ദ് കോളേജ്, പുതിയങ്ങാടി ജമാഅത് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ അസാപ് (അഡിഷണൽ സ്‌കിൽസ് അക്വസിഷൻ പ്രോഗ്രാം) വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളുമാണ് ഈ ആശയത്തിന് പിന്നിൽ. ട്രെയ്‌നർ എ.പി.കെ.അബ്ദുൾ റഷീദിന്റെ കട്ട സപ്പോർട്ട് കൂടെയും. ഷി വിൽ (She'll) എന്ന ആശയത്തിൽ നിന്നാണ് ഷെൽ എന്ന പേരിന്റെ പിറവി. അസാപിന്റെ ഭാഗമായുള്ള പ്രൊജക്ടാണ് 'ഷെല്ലി'ന്റെ വിത്തായത്. അതിൽ പല കഴിവുകളുള്ള നിരവധി വീട്ടമ്മമാർ അവസരങ്ങളുടെ കുറവുമൂലം വീടിനുള്ളിൽ ഒതുങ്ങിയെന്ന കണ്ടെത്തലാണ് ഷെല്ലിന്റെ പിറവിക്ക് കാരണമായത്, ഷെൽ കോർഡിനേറ്ററായ അഫീഫ റഷീദ് പറയുന്നു. വാട്സ് ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ കഴിവുള്ളവരെ കണ്ടെത്തി. 16-കാരി ആർട്ടിസ്റ്റ് റിഫ മുതൽ, 56 വയസുള്ള അച്ചാർ നിർമ്മാതാവ് നഫീസ വരെ ഷെൽ അംഗങ്ങളാണ്.
വാട്സ് ആപ്പ്, ഫേസ്ബുക്ക് വഴിയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. വിതരണത്തിനായി സുഹൃത്തുക്കൾ ഡെലിവറി ബോയ്സായി. ഒരാഴ്ചയാണ് ഉത്‌പന്നങ്ങൾ ആവശ്യക്കാരിലെത്താനുള്ള പരമാവധി സമയ ദൈർഘ്യം. ഇപ്പോൾ ജില്ലയ്ക്ക് പുറത്തു നിന്നും ഓർഡറുകൾ ലഭിക്കുന്നു.
'കേക്ക് ഉണ്ടാക്കുക എന്റെ പാഷനും ഹോബിയും ആയിരുന്നു. അതിന്റെ വിപണന സാധ്യതയെപ്പറ്റി വലിയ പിടിയുമില്ലായിരുന്നു. ഷെല്ലിലെ അംഗം ആയതോടെ എന്റെ ആഗ്രഹങ്ങൾക്കും ചിറകുകൾ മുളച്ചു. ഇപ്പോൾ കുറച്ച് പാർട്ടി ഓർഡറുകൾ ചെയ്തുകഴിഞ്ഞു' പാപ്പിനിശ്ശേരി സ്വദേശിനി റിസ്വാന സന്തോഷം പങ്കു വെച്ചു. ഓൺലൈൻ വിപണിക്കൊപ്പം നാട്ടിൽ നടക്കുന്ന ഫെസ്റ്റിവലിലും ഇവർ സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. നവമാദ്ധ്യമങ്ങളിൽ കൂടിയുള്ള വിൽപന സുഹൃത്തുക്കളും ബന്ധുക്കളുമായ ആവശ്യക്കാരിൽ നിന്ന് വളർന്നു കഴിഞ്ഞു.
പ്രോജക്ട് എന്ന നിലയിൽ തുടങ്ങിയ സംരഭം കമ്പനി ആക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികളും വീട്ടമ്മമാരുമടക്കുന്ന ഷെൽ കൂട്ടായ്മ ഇപ്പോൾ. കമ്പനി രജിസ്‌ട്രേഷൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ഷെല്ലിനായി മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടാക്കുക എന്നതാണ്. വിദ്യാഭ്യാസ യോഗ്യതയും കഴിവുകളുമുണ്ടായിട്ടും വേണ്ടത്ര അവസരങ്ങൾ കിട്ടാത്ത വീട്ടമ്മമാരുടെ ലോകത്തിന് നിറം കൂടുകയാണിപ്പോൾ. ചിപ്പിയ്‌ക്കുള്ളിൽ ഉറങ്ങിക്കിടന്ന മുത്ത് തോട് പൊട്ടിയപ്പോൾ വിലയേറിയതായതു പോലെ ഷെല്ല് നൽകിയ ആത്മവിശ്വാസത്തിൽ ഇവരും വളർത്തിയെടുക്കുകയാണ് തങ്ങളുടെ ലോകത്തെ.