ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു ആരായിരിക്കും? ഇതിന് വ്യത്യസ്തമായ ഉത്തരം നൽകിയിരിക്കുകയാണ് ആസ്ട്രേലിയ. ശത്രു ആരാണെന്നോ, കാട്ടുപൂച്ച! തീർന്നില്ല, ഈ ശത്രുക്കളെ കൊന്നൊടുക്കാനാണ് രാജ്യത്തിന്റെ തീരുമാനം. 2020 ആവുമ്പോഴേക്കും 20 ലക്ഷം കാട്ടുപൂച്ചകളെ കൊന്നൊടുക്കാനാണ് ആസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ആസ്ട്രേലിയയുടെ ജൈവ വ്യവസ്ഥയെ കാട്ടുപൂച്ചകൾ തകർക്കുന്നതാണ് കാരണം. ഏതാണ്ട് 20 ഇനം ജീവികൾക്ക് പൂച്ചകൾ കാരണം വംശനാശം സംഭവിച്ചത്രേ. മറ്റൊരിടത്തും കാണാനാവാത്ത പലയിനം ജീവികൾ ആസ്ട്രേലിയയിലുണ്ട്. പക്ഷികൾ, ഉഭയജീവികൾ എന്നിങ്ങനെ പലതരം ജീവികളെയാണ് പൂച്ചകൾ വേട്ടയാടി കൊല്ലുന്നത്. തൊട്ടടുത്ത് ന്യൂസിലാൻഡിലും ഇതാണത്രേ അവസ്ഥ. വിഷം കലർത്തിയ മാംസം വ്യോമമാർഗം നിക്ഷേപിച്ചാണ് പൂച്ചകളെ കൊന്നെടുക്കുന്നത്. ഇത് കഴിക്കുന്ന പൂച്ച 15 മിനിറ്റിനുള്ളിൽ ചാവും.
ഇതിനെതിരെ മൃഗസ്നേഹികൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും അധികാരികൾ എടുത്ത തീരുമാനം പൂർണ്ണമായും തള്ളിക്കളയാനാവില്ല എന്നാണ് പൊതു നിലപാട്.